കരീപ്ര: കടയിൽ നിന്നു 10 രൂപയുടെ വെള്ളം വാങ്ങിയ ശേഷം മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിൽ പ്രകോപിതരായ സംഘം കടയുടമയെ പുറത്തേക്കു വലിച്ചിറക്കി ക്രൂരമായി മർദിച്ചു. അക്രമികൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നു കുറിപ്പെഴുതിവച്ച് കടയുടമ ജീവനൊടുക്കി. നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്കു സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ്ഭവനിൽ വാമദേവൻ (74) ആണു മരിച്ചത്. വ്യാഴം ഉച്ചയ്ക്കു വീടിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഈ മാസം 21ന് വൈകിട്ട് 6ന് ആയിരുന്നു വാമദേവനു അക്രമികളുടെ മർദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം 10 രൂപയുടെ വെള്ളം വാങ്ങിയിട്ടു മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഇതിനു വിസമ്മതിച്ചതോടെ തർക്കം ഉണ്ടാകുകയും വന്നവർ ചേർന്നു ചവിട്ടിവീഴ്ത്തി മർദിക്കുകയുമായിരുന്നു. തുടർന്ന് കടയ്ക്കുള്ളിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചും ക്രൂരമായി മർദിച്ചു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദനം. ഇതിനു ശേഷം വാമദേവൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
മർദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് എഴുകോൺ പോലീസിൽ വിവരം അറിയിച്ചിരുന്നു എന്നും 3 തവണ സ്റ്റേഷനിൽ പോയിട്ടും നാളെ വാ എന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു എന്നും വേദന കൊണ്ടു വിഷമിക്കുകയാണെന്നും മരണമല്ലാതെ മറ്റു മാർഗമില്ലെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. വാമദേവന്റെ ഭാര്യ: രാധ. മക്കൾ: ഗീതാഞ്ജലി, ഗിരീഷ്. മരുമക്കൾ: ചന്ദ്രൻ, ഷാനി. സംസ്കാരം നടത്തി.
അതേസമയം വാമദേവൻ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാമദേവനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും എഴുകോൺ പോലീസ് അറിയിച്ചു. മർദിച്ചവർ ആരാണെന്നു വാമദേവനു തന്നെ അറിയില്ല. അതിനാൽ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇന്നു വാമദേവനോട് സ്റ്റേഷനിൽ എത്താൻ പറഞ്ഞിരുന്നതായും മറ്റു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.


















































