അഗളി: അട്ടപ്പാടിയിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ഏറ്റവും മൃഗീയമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കൊലപാതകശേഷം ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങൾ പല കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി.
ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. മൃതദേഹങ്ങൾ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കായിരുന്നു ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.






