ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് ഇന്ത്യൻ നാവികർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
‘എംടി അൽ ബഹിയ’യും ‘എംടി മൊംബാസ’യും എന്ന രണ്ട് ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലുകളിലുണ്ടായിരുന്ന 46 ജീവനക്കാരിൽ 30 പേരും ഇന്ത്യക്കാരായിരുന്നു. കൊല്ലപ്പെട്ട നാവികൻ ‘അൽ ബഹിയ’യിലെ ജീവനക്കാരനാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ദില്ലിയിലെ ഇറാൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സാധാരണ നാവികരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽഗതാഗതം തടസ്സപ്പെടുത്തുന്ന നടപടികളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
മരിച്ച നാവികന്റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആക്രമണങ്ങൾ അവസാനിപ്പിച്ച് ചർച്ചകളിലേക്കും നയതന്ത്രപരമായ പരിഹാരങ്ങളിലേക്കും മടങ്ങണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും സുരക്ഷിത കപ്പൽഗതാഗതവും ഉറപ്പാക്കണമെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
















































