കണ്ണൂർ: കെ ടി ജലീലിന്റെ നിലപാട് ആധുനിക കാലഘട്ടത്തിന് ഒട്ടും നിരക്കാത്തതാണെന്ന് മന്ത്രി എ പി അനിൽകുമാർ. പഴയ കാലഘട്ടത്തിലെ കുട്ടികളെ അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതിയിലാണ് അധ്യാപകൻ കൂടിയായ കെടിജലീൽ ഇന്നും ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ.പി. അനിൽകുമാർ. ഇന്നത്തെ കാലത്ത് സ്വന്തം രക്ഷിതാക്കൾക്കു പോലും കുട്ടികളെ ശാസിക്കുന്നതിലും തിരുത്തുന്നതിലും വലിയ പരിമിതികളുള്ളപ്പോഴാണ് കെ.ടി. ജലീൽ പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ പരസ്യമായി വിളിച്ചു വരുത്തി ശിക്ഷിച്ചതെന്നും അത് യാതൊരു തരത്തിലും ശരിയായ നടപടിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം പരസ്യമായ ശിക്ഷാ രീതികൾ കുട്ടികളെ തിരുത്തുന്നതിന് പകരം അവരെ മാനസികമായി തളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































