തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ മര്‍ദിച്ച് കൊന്ന കേസിലെ പ്രതി അഷ്‌കര്‍ കൊടുംക്രൂരനെന്ന് ആദ്യഭാര്യ ആമിനയുടെ പിതാവ്. ആമിനയുടെ സഹോദരന്‍ മുഹമ്മദിന്റെ (15) മരണത്തില്‍ അഷ്‌കറിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി പിതാവ് ഷെറീഫ് പറഞ്ഞു. മുങ്ങിമരിച്ച നിലയില്‍ രണ്ട് വര്‍ഷം മുമ്പ് മുഹമ്മദിനെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച മന്ത്രി ബിന്ദുകൃഷ്ണയോട് പിതാവ് ഷെറീഫ് ആവശ്യപ്പെട്ടു. ‘നീന്താനൊക്കെ അറിയാവുന്നവനാണ് മുഹമ്മദ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
പക്ഷേ എന്നെയും മോനെയും വണ്ടി കയറ്റി കൊല്ലുമെന്നാണ് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. സ്‌കൂളില്‍ ചെന്ന് മകനെ വിരട്ടിയിരുന്നു. അവന് 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു ദിവസം എന്റെ ഭാര്യയെ അഷ്‌കര്‍ ആശുപത്രിയില്‍ ചെന്ന് അടിച്ചിരുന്നു. അന്ന് സെക്യൂരിറ്റിക്കാര്‍ ചേര്‍ന്ന് പിടിച്ചാണ് പൊലീസിലേല്‍പ്പിച്ചത്. മകളെ അഷ്‌കറും അഷ്‌കറിന്റെ ഉമ്മയും സഹോദരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു. ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ്. ഞങ്ങളുടെ വസ്തു എഴുതിമേടിക്കണം എന്നായിരുന്നു അഷ്‌കറിന്റെ ആവശ്യം. 10 സെന്റ് മാത്രമേ ഉള്ളൂ. അത് ഇവന് വേണം. ഞങ്ങള്‍ പുറത്തിറങ്ങണം. ഓരോ പെണ്ണുങ്ങളുമായും അടുപ്പം സ്ഥാപിച്ച് അവരുടെ പണം തട്ടലായിരുന്നു അഷ്‌കറിന്റെ സ്വഭാവം. അഷ്‌കറിനെതിരെ ആറ് മാസം മുമ്പ് കൊടുത്ത പരാതിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. മന്ത്രി ബിന്ദു കൃഷ്ണ എല്ലാ കാര്യങ്ങളിലും നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്’ -ആമിനയുടെ പിതാവ് ഷെറീഫ് പറഞ്ഞു.
ആമിനയുമായുള്ള ബന്ധം അഷ്‌കര്‍ വേര്‍പെടുത്താതെയാണ് അഖിലയുമായി അടുത്തത്. അഖിലയുടെ ഒന്നര വയസ്സുകാരനായ മകന്‍ അര്‍ഷിദിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാണ് അഷ്‌കര്‍. ക്രൂരമായ മര്‍ദനത്തിന് വിധേയനായാണ് കുട്ടി മരിച്ചത്. അഷ്‌കറിനെതിരായ പരാതികളില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.













































