വാഷിങ്ടൺ: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ അർജന്റീനയും സ്‌പെയിനും ഏറ്റുമുട്ടുമ്പോൾ ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം കായിക ആവേശത്തിനൊപ്പം രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായും മാറും. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും നേരിട്ടെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ വിഷയം, നാറ്റോയിലെ സ്‌പെയിനിന്റെ പ്രതിരോധച്ചെലവ്, ഹമാസ്–ഇസ്രയേൽ സംഘർഷം തുടങ്ങി നിരവധി വിഷയങ്ങളിൽ ട്രംപും സാഞ്ചെസും പരസ്യമായി അഭിപ്രായഭിന്നത പ്രകടിപ്പിച്ച നേതാക്കളാണ്. അടുത്തിടെ അങ്കാറയിൽ നടന്ന ഉച്ചകോടിക്കിടെ സ്‌പെയിനുമായുള്ള വ്യാപാരബന്ധങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിക്കിടെ സ്‌പെയിനിലെ സൈനിക താവളങ്ങളും വ്യോമാതിർത്തിയും ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതും ഇരുരാജ്യങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുനേതാക്കളും ലോകകപ്പ് ഫൈനൽ വേദിയിൽ ഒരുമിക്കുന്നത് ശ്രദ്ധേയമാകുന്നത്.
സ്പാനിഷ് പ്രധാനമന്ത്രിക്കൊപ്പം സ്പാനിഷ് രാജകുടുംബാംഗങ്ങളും ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തും. അതേസമയം, അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലേയ് യുഎസിലേക്ക് യാത്രതിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമായാണ് മത്സരവേദിയിലെത്താത്തതെന്നും മത്സരം വീട്ടിലിരുന്ന് കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്ന നേതാക്കളിലൊരാളാണ് ഹാവിയർ മിലേയ്. അതിനാൽ ലോകകപ്പ് ഫൈനലിലെ മത്സരം മാത്രമല്ല, ലോകനേതാക്കളുടെ സാന്നിധ്യവും ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയാണ്.



















































