കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയേയും സർവീസിൽ നിന്നും പിരിച്ചുവിട്ടു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ അറസ്റ്റിനു പിന്നാലെതന്നെ പിരിച്ചുവിട്ടിരുന്നു.
അതേസമയം ലഹരിമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്തുവന്നത്. ഈ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് അധ്യാപികമാരിലേക്ക് എത്തിയത്. പണം ലഭിച്ചാൽ നൽകുന്ന ലൊക്കേഷനിൽ എത്തിയാൽ മറ്റൊരാൾ എത്തി എംഡിഎംഎ നൽകുന്നതായിരുന്നു കീർത്തനയുടെയും കാവ്യയുടെയും രീതി.
നാട്ടുകാരെ പറ്റിക്കാൻ അറസ്റ്റിലായ കീർത്തന ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. ലഹരി വിരുദ്ധ പ്രചാരണത്തിനായി കീർത്തനയും സൂംബ ചുവടുവച്ചിരുന്നുവെന്നും ഇവർ പറയുന്നു.
ഇതിനിടെ കേസിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അധ്യാപക പിരശീലനവും ശിൽപ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കിയത്. ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള നീക്കവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.



















































