ടെഹ്റാൻ: അമേരിക്ക കീഴടങ്ങണമെന്നും പശ്ചിമേഷ്യൻ മേഖലയിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് ഇറാൻ. അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇനി ക്രമം നിശ്ചയിക്കുക ഇറാൻ തന്നെയായിരിക്കുമെന്ന് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി അവകാശപ്പെട്ടു.
അമേരിക്കയുമായുള്ള സാമ്പത്തിക പോരാട്ടത്തിലും ഇറാൻ വിജയിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടബാധ്യതയും ഉയർന്ന പലിശനിരക്കും ഉൾപ്പെടെയുള്ള ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു.
പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂവെന്നും അരഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക നടപടികൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വിവിധ രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം. ഇറാനുമായി വ്യാപാരബന്ധം പുലർത്തുകയോ രാജ്യത്തെ സഹായിക്കുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക യുദ്ധം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനുമായി ധാരണയിലെത്താൻ താൻ മികച്ച അവസരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാൻ അത് പ്രയോജനപ്പെടുത്തിയില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കി. ഇനി ഇറാൻ നേരിടേണ്ടിവരിക മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള സാമ്പത്തിക ഉപരോധവും അന്താരാഷ്ട്ര ഒറ്റപ്പെടുത്തലുമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനിക ഏറ്റുമുട്ടലുകൾക്കപ്പുറം സാമ്പത്തിക മേഖലയിലേക്കും വ്യാപിക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്. ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച സാമ്പത്തിക നടപടികൾ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.






