കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച് ചോദ്യം ചെയ്യാനായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കാവ്യ, നീഷ്‌മ എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, പ്രതികളിൽ ഒരാളായ കാവ്യ താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, കേസിൽ പെട്ടുപോയതാണുമെന്ന് കോടതിയിൽ ഹാജരാക്കവേ മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകി. കേസിൽ മുഖ്യപ്രതിയായ കരുതുന്ന അധ്യാപിക കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർഥ്യം അതൊന്നുമല്ലെന്നും കാവ്യ പറഞ്ഞു. സമാന രീതിയിലായിരുന്നു മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കീർത്തനയുടെയും പ്രതികരണം.
കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരി വിൽപ്പനിയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, കേസിൽ പ്രധാന പ്രതിയായ വയനാട് സ്വദേശി ഷിന്റോ ഷിബുവിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. സോഷ്യൽ മീഡിയ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബി.ആർ.സി.യിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് സ്കൂളിൽ നിന്നും ഇവരെ പിരിച്ചു വിട്ടിരുന്നു.






