തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കൊടുംപിരി കൊണ്ടിരിക്കെ നീക്കങ്ങൾ നിരീക്ഷിച്ച് യുഡിഎഫ്. സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
എൽഡിഎഫിൽ ചവിട്ടും തൊഴിയും വാങ്ങി എത്രകാലം നിൽക്കും എന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ താൻ യുഡിഎഫ് കൺവീനറായി ചുമതലയേറ്റ സമയത്തുതന്നെ സിപിഐയോട് മുന്നണിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് സിപിഐ അതിന് തയാറായില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
സിപിഎമ്മിന് വല്യേട്ടൻ മനോഭാവമാണെന്നും അടൂർ പ്രകാശ് ആരോപിച്ചു. സിപിഎമ്മിൻറെ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഐ. സിപിഐ നേരിടുന്ന സാഹചര്യങ്ങൾ സ്വാഭാവികമായും മുന്നണി മാറ്റത്തിലേക്ക് നയിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ഇതിനിടെയും പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം തുടരുകയാണ്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിൻറെ ഇടപെടൽ ഉണ്ടാകുന്നതിനുള്ള മുന്നോടിയായി ഇരു പാർട്ടികളിലെയും നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് യുഡിഎഫിൻറെ പുതിയ നീക്കം നടത്തി നോക്കുന്നത്.






