കോഴിക്കോട്: ഇടതുപക്ഷം അണിയുന്നത് കപടവേഷമെന്ന് ആക്ടിവിസ്റ്റ് ടി.എസ്. ശ്യാംകുമാർ. കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ ഇടതുപക്ഷ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ശ്യാം കുമാറിന്റെ പ്രതികരണം. അപരന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കുന്ന കാലത്തെ കുറിച്ച് സിദ്ധാന്തം ചമയ്ക്കുന്നവരുടെ കാപട്യത്തിന്റെ ആഴം കെ.ഇ.എന്നിനെ കുറിച്ചുള്ള പുരോഗമന സഖാക്കന്മാരുടെ വാട്സ്ആപ് സന്ദേശത്തിൽ വ്യക്തമാണെന്ന് ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ‘സ്വത്വരാഷ്ട്രീയം എന്ന് നാഴികക്ക് നാൽപ്പതുവട്ടം തോരാതെ പ്രസംഗിക്കുന്നവർ അവരുടെ ഭരണകാലത്ത് സമസ്തരംഗങ്ങളിലും വരേണ്യരെയാണ് അധികാര സ്ഥാനങ്ങളിൽ കുത്തിനിറച്ചത്.
ദലിത് വിദ്യാർഥികളുടെ ഇ-ഗ്രാന്റ് പോലും നിഷേധിച്ചവരുടെ സ്വത്വപ്രസംഗം സവർണതക്ക് വേണ്ടിയുള്ള ആഹ്വാനം മാത്രമാണ്.’ -ശ്യാംകുമാർ ആരോപിച്ചു. സ്വത്വരാഷ്ട്രീയമെന്ന് പറഞ്ഞ് പാർശ്വവൽകൃതരുടെ സാംസ്കാരിക രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെ.ഇ.എന്നിനെതിരായ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് സുവ്യക്തമാണ്. ഇടതുപക്ഷം എന്ന് ലേബലുമായി നടക്കുന്നവരുടെ ഉള്ളിൽ നിന്നും മായാത്ത വരേണ്യതയും പാർശ്വവൽക്കൃതരോടുള്ള അയിത്ത കാഴ്ചപ്പാടുമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നതെന്ന് സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ ‘വന്ദേമാതരം ചരിത്രവും വര്‍ത്തമാനവും’ സെമിനാറിൽ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ പങ്കെടുപ്പിക്കുന്നതിനെ വിമർശിച്ചാണ് ഇടതുപക്ഷ വാട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം വന്നത്. സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടടക്കം കെ.ഇ.എന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച് അതൃപ്തി പരസ്യമാക്കിയിരുന്നു.






