മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മാറാട് പരാമർശത്തിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ. വെള്ളാപ്പള്ളി നടേശന് ഭ്രാന്താണ്. വെള്ളാപ്പള്ളി നടേശന് ചികിത്സയാണ് ആവശ്യം. പൊതുസമൂഹത്തിനിടയിലെ ലീഗിന്റെ സ്വീകാര്യത അദ്ദേഹത്തിന് ദഹിക്കുന്നില്ല. കഴിഞ്ഞ 10 വർഷമായി വെള്ളാപ്പള്ളി ഇടതുപക്ഷത്തിന്റെ വക്താവായി പ്രവർത്തിക്കുന്നുവെന്നും ഹമീദ് മാസ്റ്റർ പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ വേണ്ടിയുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്. ഇവിടെ ഒരു മാറാടും ഒന്നും ആവർത്തിക്കാൻ പോകുന്നില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ വർഗീയ ശക്തികളെ പിടിച്ചുകെട്ടും. കോൺഗ്രസിനകത്ത് ഉണ്ടാകുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. അത് അണഞ്ഞുപോകും.
കോൺഗ്രസ് വലിയ ജനാധിപത്യ പാർട്ടിയാണ്. അതിൽ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. എങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന സമയത്ത് ഒറ്റ അഭിപ്രായമേ ഉണ്ടാകു. ആ അഭിപ്രായത്തിന് ഒപ്പം മുസ്‌ലിം ലീഗ് ഉണ്ടാകും. ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികളോട് ആലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കൂ എന്നും ഹമീദ് മാസ്റ്റർ കൂട്ടിച്ചേർത്തു.
അതേസമയം മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വന്നാൽ മുസ്‌ലിം ലീഗിൽ നിന്നായിരിക്കും മുഖ്യമന്ത്രിയെന്നും അങ്ങനെയെങ്കിൽ മാറാട് ആവർത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിക്കുമെന്ന് കാണാം. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
‘കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയരുത്. യുഡിഎഫ് വന്നാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണിത്. യുഡിഎഫ് വന്നാൽ ലീഗ് ആയിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു. എൽഡിഎഫ് അണികൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. പത്ത് വർഷത്തെ ഭരണത്തിന്റെ ആലസ്യമാണ് ഉണ്ടായത്’, എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻറെ വാക്കുകൾ.






