തെഹ്റാൻ: ഇറാന്റെ ദേശീയ സമ്പത്തായ ആണവ- മിസൈൽ ശേഷികളെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയി. ഹോർമുസ് കടലിടുക്ക് മേഖലയിലെ അമേരിക്ക- ഇറാൻ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പുതിയ പ്രസ്താവന പുറത്തുവന്നത്.
സർക്കാർ ടെലിവിഷനിലൂടെ വായിച്ച പ്രസ്താവനയിൽ, നാനോടെക്നോളജി, ബയോടെക്നോളജി മുതൽ ആണവ-മിസൈൽ ശേഷിവരെ ഉൾപ്പെടുന്ന രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക ശക്തികൾ എല്ലാം ഇറാന്റെ അഭിമാനവും ദേശീയ സ്വത്തുമാണെന്ന് ഖമനെയി വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് ഇറാനികൾ ഇവയെ സംരക്ഷിക്കാൻ ഒരുമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും അമേരിക്കയ്ക്ക് ലഭിക്കേണ്ട ഏക സ്ഥലം കടലിന്റെ അടിത്തട്ടാണ് എന്നും കടുത്ത ഭാഷയിൽ ഖമേനെയ് വിമർശിച്ചു. ഭാവിയിൽ പേർഷ്യൻ ഗൾഫ് പ്രദേശം അമേരിക്കയില്ലാത്തതായിരിക്കും.അമേരിക്കയുടെ പരാജയത്തിന് ശേഷം ഹോർമുസ് കടലിടുക്കിൽ പുതിയ അധ്യായം പിറവിയെടുക്കും. അമേരിക്കയുടെ സഹായമില്ലാത്ത ഭാവിയാണ് ഗൾഫിന് സംഭവിക്കുക. ഈ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ സൈനിക സാന്നിധ്യമെന്നും മേഖലയിലുള്ളത് അമേരിക്കയുടെ പാവ താവളങ്ങളെന്നും മുജ്തബ തുറന്നടിച്ചു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ആണവ കരാറിലേക്ക് നിർബന്ധിക്കാൻ ഹോർമുസ് വഴി നാവിക ഉപരോധം തുടരുകയാണ്. ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞ് പ്രധാന വരുമാന സ്രോതസ് തകർക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എണ്ണ ടാങ്കറുകൾ കടലിലേക്ക് പോകുന്നത് തടസപ്പെടുകയും സംഭരണ സൗകര്യങ്ങളുടെ അഭാവം മൂലം ഉത്പാദനം പോലും കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
അതേസമയം സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണ വിപണിയിലും വലിയ പ്രതികരണം ഉണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 126 ഡോളർ വരെ ഉയർന്നു. ലോകത്തെ മൊത്തം എണ്ണ-വാതക വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന പ്രധാന കടലിടുക്കായ ഹോർമുസിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ആഗോള ഊർജ്ജ വിതരണ ശൃംഖലയെയും ബാധിക്കുന്ന സാഹചര്യമാണ്. താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഇപ്പോഴും തീരാത്തതിനാൽ മേഖലയിലെ സുരക്ഷയും ഭാവിയിലേക്കുള്ള ആണവ ചർച്ചകളും അനിശ്ചിതത്വത്തിലാണ്.
















































