തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കം പരിഹരിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) ആണു മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാലുപേർ പിടിയിലായി. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു കൊലപാതകം. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറിൽ മദ്യപിക്കവേ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് പരിഹരിക്കാൻ സുമൻ ഇടപെടുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആദ്യം സുമനെ പ്രതികൾ ബാറിലിട്ട് മർദിച്ചു. രക്ഷപ്പെടാൻ ഇറങ്ങി ഓടിയ സുമനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും അവശനിലയിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാൽവർ സംഘം സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് അന്വേഷണം തുടങ്ങി. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.















































