പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശങ്ങൾ സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സി.പി.എം അംഗീകരിക്കില്ലെന്ന് മുതിർന്ന നേതാവ് എ.കെ. ബാലൻ. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സംഘടനകൾക്കും അവരുടേതായ നയങ്ങളുണ്ട്.
എന്നാൽ ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ ആരു പറഞ്ഞാലും അംഗീകരിക്കാതിരിക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കമുണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളി. രണ്ട് പാർട്ടികൾക്കും അവരവരുടെ നയങ്ങൾ പറയാൻ അവകാശമുണ്ട്. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്.
ബിനോയ് വിശ്വം സി.പി.ഐയുടെ അഭിപ്രായവും പറഞ്ഞു. രാജ്യസഭാ സീറ്റ് വിഭജനത്തിലും പി.എം ശ്രീ പദ്ധതിയിലുമുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതുപോലെ ഇതും അവസാനിക്കും. ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സി.പി.എമ്മും സി.പി.ഐയും. ഈ ബന്ധം തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






