നാഗ്പൂർ: മാസങ്ങളായി തുടരുന്ന കുടുംബവഴക്കിനൊടുവിൽ മരുമകളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ 72കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ലക്ഷ്മി രവീശങ്കർ പാലി (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിന്റെ പിതാവ് നാഥുലാൽ പാലിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വസ്ത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മിയുമായി നാഥുലാൽ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നു. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതനായ നാഥുലാൽ കോടാലികൊണ്ട് ലക്ഷ്മിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മരുമകളെ കൊലപ്പെടുത്തിയതിന് പിന്നാലെ നാഥുലാൽ വീടിന് പിന്നിലുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറ്റിൽ വീണ വയോധികനെ പിന്നീട് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പോലീസ് സംഘം രക്ഷിച്ചു. തുടർന്ന് ചികിത്സയ്ക്കായി മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാഥുലാൽ സ്ഥിരമായി അസുഖബാധിതനായിരുന്നുവെന്നും തന്റെ രോഗങ്ങൾക്ക് കാരണം മരുമകൾ നടത്തുന്നുവെന്ന് കരുതിയിരുന്നുവെന്നും പോലീസ് പറഞ്ഞു. താൻ എഴുന്നേൽക്കാതിരിക്കാൻ ലക്ഷ്മി തനിക്കെതിരെ ‘മന്ത്രവാദം’ നടത്തുകയാണെന്നായിരുന്നു ഇയാളുടെ സംശയം. തന്റെ അസുഖത്തിന് പുറമെ മകന്റെ മരണത്തിനും മരുമകൾ നടത്തിയതായി കരുതുന്ന മന്ത്രവാദമാണ് കാരണമെന്നാണ് നാഥുലാൽ വിശ്വസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് യശോധര നഗർ പോലീസ് ഇൻസ്പെക്ടർ യൂനുസ് ഷെയ്ഖ് പറഞ്ഞതിങ്ങനെ: വയോധികൻ കിണറ്റിൽ വീണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ അദ്ദേഹത്തെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. വീട്ടിൽ നാഥുലാൽ മരുമകളായ ലക്ഷ്മി രവീശങ്കർ പാലിയുമായി നിരന്തരം വഴക്കിട്ടിരുന്നു. അവൾ മന്ത്രവാദം നടത്തുകയാണെന്നും തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. ഇതേ വിഷയത്തെച്ചൊല്ലി ശനിയാഴ്ചയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ നാഥുലാൽ കോടാലികൊണ്ട് ലക്ഷ്മിയുടെ തലയിൽ അടിച്ചു.
അതേസമയം ലക്ഷ്മി തന്റെ രണ്ട് കുട്ടികൾക്കൊപ്പം വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് വർഷം മുമ്പാണ് ലക്ഷ്മിയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിന്റെ മരണശേഷം കുട്ടികളുമായി വീട്ടിൽ കഴിയുകയായിരുന്നു ലക്ഷ്മി. നാഥുലാലിനും ഭാര്യയ്ക്കുമിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നുവെന്നും അതിനാൽ വീട്ടിൽ തന്നെ പ്രത്യേകം മുറികളിലായിരുന്നു താമസിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
ലക്ഷ്മിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. യശോധര നഗർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഥുലാൽ ചികിത്സയിലായതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയും പോലീസ് നിരീക്ഷിച്ചുവരികയാണ്.






