കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന് പൂർണ പിന്തുണയുമായി സജി ചെറിയാൻ എംഎൽഎ. ആയുസും ആരോഗ്യവും കൊടുത്താൽ പിണറായി വിജയൻ ഒരു വട്ടം കൂടി കേരളത്തെ നയിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. അതിനുള്ള കരുത്ത് ഈ പാർട്ടിക്കുണ്ട്. നിയമാനുസൃതം കേസ് നിലനിൽക്കില്ലെന്ന് മനസിലാക്കിയ ഇഡി കേസ് യുഡിഎഫ് സർക്കാരിന്റെ തലയിൽ വെച്ച് കൊടുത്തിരിക്കുകയാണിപ്പോൾ. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും സജി ചെറിയാൻ പറഞ്ഞു.
മൂന്ന് കോടി രൂപയേ ഉള്ളോ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ വില? ഈ മൂന്ന് കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ നാണമുണ്ടോ?. പിണറായി വിജയൻ മകൾ വഴി മൂന്ന് കോടി രൂപ വാങ്ങി എന്നൊക്കെ ദാരിദ്ര്യം പറയുന്നത് അങ്ങേയറ്റം മ്ലേച്ഛമായ കാര്യമാണ്. ഇവിടെ വിളിച്ചുപറഞ്ഞാൽ അവിടെ പണമെത്തില്ലേ?, അതിനുള്ള എന്തൊക്കെ സംവിധാനങ്ങളുണ്ട്. മൂന്നു കോടി ഉലുവയുമെടുത്ത് കക്ഷത്തിൽ വച്ച് ദുബായിലേക്ക് പോയെന്ന് എന്നാത്തിനാ, ഇനി എന്തൊക്കെ വന്നാലും പിണറായി വിജയന്റെ ഒരു രോമം ചായ്ക്കാൻ പോലും ആർക്കും കഴിയില്ല. അദ്ദേഹത്തിന് എൺപത് വയസ് കഴിഞ്ഞു. അദ്ദേഹത്തെ വെറുതെ വിടൂ. ഞങ്ങൾക്ക് പിണറായി വിജയനെ വിശ്വാസമാണെന്നും സജി ചെറിയാൻ പറഞ്ഞു.
ഒരു മനുഷ്യനെ വേട്ടയാടി, പച്ചമാംസം കരിക്കുകയാണ്. എന്നിട്ട് ആളുകൾ അത് ആഘോഷിക്കുന്നു. ഒരു മാധ്യമം 6,583 തവണ പിണറായിക്കെതിരെ ചർച്ച നടത്തി. രാഷ്ട്രീയ നിരീക്ഷകൻമാർ എന്ന് പറയുന്ന മൂന്നാല് പേരെ ഇരുത്തിയാണ് ചർച്ച നടത്തുന്നത്. പിണറായി തെക്കോട്ട് പോയാലും വടക്കോട്ട് പോയാലും എന്തിനാണ് ചർച്ച ചെയ്യുന്നെതെന്നും സജി ചെറിയാൻ ചോദിച്ചു. കേന്ദ്ര സർക്കാരിനെതിരെ ഓരോ നിമിഷവും സമരം ചെയ്താണ് ഇടതുപക്ഷ മുന്നണി കഴിഞ്ഞ പത്ത് വർഷം പ്രവർത്തിച്ചത്. എന്നാൽ സിപിഎമ്മിനെതിരെ യുഡിഎഫ് കള്ളപ്രചാരണം നടത്തിയെന്നും സജി ചെറിയാൻ ആരോപിച്ചു.
അതേസമയം പിണറായി വിജയനെ ഇഡി വേട്ടയാടുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും പറഞ്ഞു. പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചത് കൊണ്ട് മുഹമ്മദ് റിയാസിനെയും ഇഡി വേട്ടയാടാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






