ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.
സി.സി.ഐ.യുടെ ഉത്തരവ് സംസ്ഥാന സർക്കാരിനും കെ.എസ്.ആർ.ടി.സി.ക്കും ആശ്വാസമായി. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് സർവീസുകൾക്ക് നഷ്ടമുണ്ടാകുന്നുവെന്ന് ആരോപിച്ചാണ് രണ്ട് സ്വകാര്യ ബസ് ഉടമകൾ കമ്മീഷനെ സമീപിച്ചത്.
പരാതി കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് സി.സി.ഐ. ചെയർപേഴ്‌സൺ രവ്‌നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പൊതുജനക്ഷേമത്തിനായി സർക്കാർ സ്വന്തം ഫണ്ട് ഉപയോഗിച്ച് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും അതിലേക്ക് ഇടപെടാൻ കോമ്പറ്റീഷൻ കമ്മീഷന് കഴിയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ ബസ് സർവീസുകളിൽ വരുമാനനഷ്ടമുണ്ടായെന്ന വാദവുമായി നിയമനടപടികളിലേക്ക് നീങ്ങിയ സ്വകാര്യ ബസ് ഉടമകൾക്ക് സി.സി.ഐ.യുടെ തീരുമാനം തിരിച്ചടിയായി. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി തുടരുന്നതിന് ഉത്തരവ് വഴിയൊരുക്കുകയും ചെയ്തു.






