കൊച്ചി: പോലീസിൽ നിന്ന് തനിക്കു നേരിട്ട കൊടും ക്രൂരത മാധ്യമങ്ങളോട് വെളിപ്പെടുത്തി മുൻ അധ്യാപകൻ. മുൻ അധ്യാപകനും വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറുമായ ആലുവ ശ്രീമൂലനഗരം സ്വദേശി സുജിത് ജയൻ (32) ആണ് പോലീസുകാരുടെ മൃഗീയ പീഡനത്തിന് ഇരയായത്. സുജിത്തിനെ ക്രൂരമായി മർദിച്ച കേസിൽ കാലടി പോലീസ് സ്റ്റേഷനിലെ എസ്ഐമാരടക്കം 4 പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐമാരായ അജ്മൽ, കെ.വി.നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രജിത് രാജൻ, സിവിൽ പൊലീസ് ഓഫിസർ കെ.ആർ.ധനേഷ് എന്നിവർക്കാണ് സസ്പെൻഷൻ. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയ്ഞ്ച് ഡിഐജി ജി.എച്ച്.യതീഷ്ചന്ദ്രയാണ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.
അതേസമയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അടക്കം സുജിത് നൽകിയ പരാതിയിലെ പോലീസ് ക്രൂരതയുടെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതാണ്. തന്നോട് കാണിച്ച ക്രൂരതകളുടെ എല്ലാ വിശദാംശങ്ങളും സുജിത്ത് നൽകിയ പരാതിയിലുണ്ട്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് സുജിത്തിനെ കാലടി പോലീസ് വീട്ടിൽനിന്ന് കൊണ്ടുപോകുന്നത്.
ഓഗസ്റ്റ് 31ന് കാലടി പോലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ഈ സംഭവം. തനിക്കൊപ്പം കോളേജിൽ പഠിച്ച ചില സുഹൃത്തുക്കൾ ഉൾപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും എന്നാൽ അപ്പോൾ കേസോ വിശദാംശങ്ങളോ അറിയില്ലായിരുന്നുവെന്നും സുജിത് പറയുന്നു.
സംഭവത്തെക്കുറിച്ച് സുജിത്ത് പറയുന്നതിങ്ങനെ- ‘ അവർ വന്ന് അക്കൗണ്ടിൽ പൈസ ഇട്ടു തരാം, അതൊന്ന് എടുത്തു തരാൻ പറഞ്ഞു. ഞാൻ മോശപ്പെട്ട അവസ്ഥയിൽ നിന്ന സമയത്തൊക്കെ എന്നെ നല്ല രീതിയിൽ സഹായിച്ചിട്ടുള്ളവരാണ്. എനിക്ക് ഭക്ഷണം വരെ വാങ്ങിത്തന്നവരാണ്. അവർ ഒരു നീല കാർ ആയിട്ടാണ് വന്നത്. ഒരു കേസിൽ പെട്ട കാറാണ്, എന്നോട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞു.
പിന്നാലെ നിങ്ങൾ എന്താന്നു വച്ചാൽ ചെയ്തോളാൻ പറഞ്ഞതോടെ എന്റെ ഫോണിൽ നിന്ന് ഒരു പയ്യനെ വിളിച്ചിട്ട് കാറിൽ കയറി ഇവർ പോയി. റോഡിലാണ് വാഹനം കിടന്നിരുന്നത്. തൊട്ടപ്പുറത്ത് തന്നെ ഒരു സൂപ്പർമാർക്കറ്റാണ്. ഞാൻ ആ സൂപ്പർ മാർക്കറ്റിലെ ക്യാമറയുടെ മുന്നിലേക്ക് വണ്ടി കയറ്റി ഇട്ടിട്ട് താക്കോൽ അപ്പുറത്തെ കടയിൽ കൊടുത്തിട്ട് പോരുകയും ചെയ്തു. ഞാൻ ഇതിൽ ഉൾപ്പെട്ട ആളാണെങ്കിൽ ഈ വണ്ടി ഞാൻ ക്യാമറയുടെ മുന്നിൽ കൊണ്ടുപോയി ഇടേണ്ട കാര്യമില്ലല്ലോ. ക്യാമറയില്ലാത്ത എവിടെയെങ്കിലും കൊണ്ടുപോയി ഇട്ടാൽ മതിയല്ലോ. ഇത് ചോദിക്കാനാണ് പോലീസുകാർ വന്നത്.
ഞാൻ ഈ കാര്യങ്ങൾ സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ പോലീസ് വാഹനത്തിൽ വച്ച് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്റ്റേഷനിലെത്തിച്ചത്. അപ്പോൾ മുതൽ വൈകിട്ട് വരെ എന്നെ അടിച്ചു. അവർ സ്റ്റേഷനിൽ എത്തിയ ശേഷം ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി കാലു രണ്ടും അകത്തി നിർത്തി കൈ രണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിപ്പിച്ചു. തുടർന്ന് നിസാർ, അജിത് എന്നീ പോലീസുകാർ കാലിൽ ചവിട്ടിപ്പിടിക്കുകയും ജനനേന്ദ്രിയത്തിൽ ഷൂ ധരിച്ച കാലുകൾ കൊണ്ട് ശക്തിയായി തൊഴിക്കുകയും ചെയ്തു. തുടർന്ന് എഴുന്നേൽക്കാൻ പറ്റാതിരുന്ന എന്നെ പോലീസുകാർ രണ്ടുപേർ ചേർന്ന് പിടിച്ചെഴുന്നേൽപ്പിച്ചു.
പിന്നാലെ വീണ്ടും പുറത്തും മുതുകിലും മുട്ടുകൈ കൊണ്ട് പലതവണ മർദിക്കാൻ തുടങ്ങി. ധനേഷ് എന്ന പോലീസുകാരൻ അമ്മയെ വരെ ചേർത്ത് തെറിവിളിച്ചു. പേരും വീടും ജാതിയും ചോദിക്കുകയും അത് പറഞ്ഞ കൂട്ടത്തിൽ എസ്.സി വിഭാഗത്തിൽ പെട്ട ആളാണെന്നു പറഞ്ഞപ്പോൾ തന്നെ ആറു തവണ മുഖത്തു കൈ കൊണ്ട് ശക്തിയായി അടിച്ചു. ശേഷം ചുവരിൽ മുഖം ചേർത്ത് നിർത്തി മുതുകിൽ 8 തവണ ശക്തിയായി മർദിച്ചു. തുടർന്ന് മുഖത്ത് മർദിക്കുകയും കൈകൾ ഉയർത്തി മേലാസകലം മർദിക്കുകയും ചെയ്തു.
ഇതിനിടെ എസ്ഐ അജ്മൽ എന്റെ പാന്റും അടിവസ്ത്രവും ഊരി വാങ്ങിക്കുകയും എന്റെ ലിംഗം ജനലിന്റെ പടിയിൽ എടുത്തു വെപ്പിച്ച് വീതിയില്ലാത്ത പലക കൊണ്ട് അടിക്കുകയും ചെയ്തപ്പോൾ എന്റെ ബോധം നഷ്ടപ്പെട്ടു. പിന്നീട് എനിക്ക് ബോധം വരുമ്പോൾ മുഖം മഞ്ഞനിറത്തിലുള്ള കവർ കൊണ്ട് മൂടി കുനിച്ചു നിർത്തി വീണ്ടും മർദനം തുടരുകയും സ്വകാര്യ ഭാഗത്ത് പേന പോലെ എന്തോ കയറ്റി വയ്ക്കുകയും ചെയ്തു. തുടർന്ന് കുറച്ചു നേരം ക്യാമറയുള്ള മുറിയിലേക്ക് കൊണ്ടുപോയ ശേഷം വീണ്ടും നിസാർ എന്ന പോലീസുകാരൻ ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ മർദിച്ചു. ശേഷം തണുത്ത വെള്ളം ഇടയ്ക്കിടെ കുടിപ്പിക്കുകയും ശക്തമായി തുള്ളിക്കുകയും ചെയ്തിരുന്നു.
ഒരു മുൻ അധ്യാപകനായ യാതൊരു കുറ്റകൃത്യത്തിലും ഇതുവരെ പ്രതിയാകാത്ത എന്നെ വളരെ ക്രൂരവും മൃഗീയവുമായിട്ടാണ് എസ്ഐ അജ്മലും നിസാറും അജിത്തും ധനേഷും ചേർന്ന് പീഡിപ്പിച്ചത്. മാത്രമല്ല മെഡിക്കലിനു കൊണ്ടുപോയപ്പോൾ സംഭവം പുറത്തു പറയാതിരിക്കാന്ഡ ഭീഷണിപ്പെടുത്തി’’ – സുജിത്തിന്റെ പരാതിയിൽ പറയുന്നു.
അതേസമയം മർദനമേറ്റതു മുതൽ തനിക്കു ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ലെന്നും സുജിത്ത് പറയുന്നു. തന്റെ പേരിൽ വണ്ടി ഓടിച്ചു പിടിച്ച കേസ് പോലുമില്ല. വർഷങ്ങളായിട്ട് വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. ഇടിയുടെ ഇടയ്ക്ക് ഇവർ സുഹൃത്തുക്കളെപ്പറ്റിയോ ഞാൻ ചെയ്ത തെറ്റുകൾ എന്താണെന്നോ ഒന്നും ചോദിച്ചിട്ടില്ല. അൻവർ സാദത്ത് എംഎൽഎ ഇടപെട്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും അവിടെ കിടന്ന് തല്ലുകൊള്ളും, അല്ലെങ്കിൽ അവിടെ കിടന്ന് മരിക്കുമെന്നും സുജിത് പറഞ്ഞു.
എംഎൽഎ ഇടപെട്ടതോടെ വൈകിട്ട് സുജിത്തിനെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചു. പിറ്റേ ദിവസം രാവിലെ 10 മണിക്ക് ചെല്ലാനായിരുന്നു പോലീസ് പറഞ്ഞിരുന്നത്. അന്നേ ദിവസം മൂത്രമൊക്കെ പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ പേടിച്ചിട്ട് പിറ്റേദിവസം വീണ്ടും സ്റ്റേഷനിലേക്ക് പോയി. അതുകൊണ്ട് അതു കഴിഞ്ഞാണ് ആശുപത്രിയിൽ പോകുന്നത്. ആദ്യം ആലുവയിലെ സർക്കാർ ആശുപത്രിയിൽ കാണിച്ചു. പിന്നെയാണ് കളമശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. ആ സമയത്തു തന്നെ പരാതിയും കൊടുത്തിരുന്നുവെന്നും സുജിത് പറയുന്നു.
അതേസമയം അച്ഛനും അമ്മയും അനിയത്തിയും ഭാര്യയും കുഞ്ഞും ഉൾപ്പെടുന്നതാണ് സുജിത്തിന്റെ കുടുംബം. റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത്തിനെ പോലീസുകാർ ദേഹോപദ്രവം ഏൽപ്പിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് വീട്ടിൽ വന്ന് സുജിത്തിന്റെ മൊഴിയെടുത്തിരുന്നു. സംഭവത്തിനു ശേഷം കൂട്ടുകാരൊക്കെ കൂടെ നിന്നതുകൊണ്ട് പരാതി കൊടുത്തു. ശാരീരികമായി മാത്രമല്ല, മാനസികമായും അത്ര വിഷമിച്ചുപോയെന്നു സുജിത്ത് പറഞ്ഞുവെക്കുന്നു.






