പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും പെൺകുട്ടിയെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ തള്ളിയ കേസിൽ പ്രതിയെക്കുറിച്ച് നിർണായക സൂചന ലഭിച്ചതായി പോലീസ്. പശ്ചിമബംഗാൾ സ്വദേശിയും അട്ടപ്പാടിയിലെ തോട്ടം തൊഴിലാളിയുമായ ഒരാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിച്ചവർ ഇയാളുടെ ഭാര്യയും മകളുമാണെന്നാണ് സൂചന.
ഭാര്യക്ക് മറ്റുപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം. കൃത്യത്തിന് പിന്നാലെ പ്രതി പശ്ചിമബംഗാളിലേക്ക് കടന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. പ്രതിയും കുടുംബവും 20 ദിവസം മുൻപാണ് അട്ടപ്പാടിയിൽ എത്തിയത്.
അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പശുവിനെ മേയ്ക്കാൻ എത്തിയവരാണ് പുഴയിൽനിന്ന് ഒഴുകിയെത്തിയ ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽനിന്ന് യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അതിനിടെ, മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകളിലൊന്നിൽനിന്ന് അന്വേഷണത്തിൽ നിർണായകമായ മറ്റൊരു സൂചനയും ലഭിച്ചിരുന്നു. കോയമ്പത്തൂരിൽനിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഉപയോഗിച്ച ചാക്കാണിതെന്നാണ് ചാക്കിലെ എഴുത്തുകളിൽനിന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
മൃതദേഹങ്ങൾ ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിച്ച രീതി, ചാക്കുകളുടെ ഉറവിടം, പ്രതി അട്ടപ്പാടിയിൽ എത്തിയതും ഇവിടെനിന്ന് ബംഗാളിലേക്ക് മടങ്ങിയതുമായ സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള നടപടികളും പോലീസ് ശക്തമാക്കി.
യുദ്ധത്തിന് ഫണ്ടില്ല, പോണോഗ്രാഫി നിയമവിധേയമാക്കാന്‍ യുക്രെയ്ന്, ലക്ഷ്യം വന്‍ നികുതിപ്പണം






