ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും ബഹളവും. ഡി.എം.കെ സർക്കാരുകളിലെ അഴിമതി ആരോപണങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും വിജയ് സഭയിൽ ഉന്നയിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്.
മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്തെ അഴിമതി ആരോപണങ്ങളും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനുമെതിരായ വിമർശനങ്ങളും വിജയ് സഭയിൽ ഉന്നയിച്ചു. ഇതോടെ ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻ സ്റ്റാലിൻ സർക്കാരിന്റെ കാലത്തെ ജോലി നൽകുന്നതിന് കോഴ വാങ്ങിയെന്ന ആരോപണവും വിജയ് വീണ്ടും സഭയിൽ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ കത്തിലെ വിവരങ്ങൾ സഭയിൽ വായിച്ചുകേൾപ്പിക്കുകയും ചെയ്തു.
സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്ന നിലപാടാണ് ഡി.എം.കെ സ്വീകരിക്കുന്നതെന്നും വിജയ് ആരോപിച്ചു. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ഡി.എം.കെ നേതാക്കൾ ചോദിക്കുകയാണെന്നും അതാണ് ഡി.എം.കെ രാഷ്ട്രീയമെന്നും അദ്ദേഹം വിമർശിച്ചു.
മുൻ സർക്കാരിന്റെ കാലത്തെ ടാസ്മാക് അഴിമതി ആരോപണവും മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചു. രണ്ട് വകുപ്പുകളിലെ ഫയലുകൾ പരിശോധിച്ചപ്പോൾ തന്നെ ഇത്രയും വലിയ ക്രമക്കേടുകൾ പുറത്തുവന്നെങ്കിൽ ബാക്കി ഫയലുകൾ കൂടി പരിശോധിച്ചാൽ സ്ഥിതി എന്താകുമെന്ന് വിജയ് ചോദിച്ചു.
അഴിമതി നടത്തിയിട്ടില്ലെന്ന് ഡി.എം.കെ വാദിക്കരുതെന്നും ഡി.എം.കെ ഉള്ളിടത്ത് തെറ്റും, തെറ്റുള്ളിടത്ത് ഡി.എം.കെയും ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പരാമർശം.
വിജയുടെ പരാമർശങ്ങൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വൻ വാക്പോരുണ്ടായി. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചതോടെ സഭാ നടപടികൾ ബഹളത്തിൽ മുങ്ങി.






