ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ സിപിഎം വിശദമായി പരിശോധിക്കുന്നതിനിടെ തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റെന്ന് തുറന്നടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. 10 വർഷം കേരളം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയതും പരാജയത്തിനു കാരണമെന്നും ഐസക്. ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തോമസ് ഐസക് പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്.
‘‘സഹകരണ ബാങ്കുകളിലെ അഴിമതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായി’’ – ഐസക് തുറന്നടിച്ചു.
”നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ നൽകിയ ഷോക്ട്രീറ്റ്മെന്റാണ്, 10 വർഷം കേരളം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, കേരളത്തിലെ ജനങ്ങളെ നമ്മള് വിശ്വസിപ്പിച്ചില്ലേ നമുക്ക് ബിജെപിയുമായി ഡീലുണ്ടെന്ന്? അതു പറഞ്ഞല്ലെ നമ്മുടെ കുറച്ച് വോട്ട് ഇവിടെ തട്ടിയെടുത്തത്. കള്ളപ്രചരണങ്ങളാണ്. പക്ഷെ നമ്മുടേയും ചില വർത്തമാനങ്ങളൊക്കെ അതിനു സഹായിച്ചിട്ടുണ്ട്. പഴയ കാലമല്ല, അയ്യപ്പ സംഗമത്തിലെന്തു പറഞ്ഞു? അങ്ങനെയുമിങ്ങനെയുമൊക്കെ വ്യാഖ്യാനിക്കാവുന്ന കാലമാണ്”.
”പോരായ്മകൾ പലതുമുണ്ട്. അതൊക്കെ തിരുത്തണം, സഹകരണ ബാങ്ക് അഴിമതി, അതു നമ്മുടെ പാർട്ടിയുടെ പണമല്ല, നമ്മുടെ വീട്ടിലെ പണമല്ല, ജനങ്ങൾ നമ്മളെ വിശ്വസിപ്പിച്ച് ഏൽപിച്ചതാണ്. ആ വിശ്വാസം കാത്തു സുക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്? ഇതൊക്കെ തിരുത്തും കേട്ടോ… കാശ് മേടിച്ചിട്ടുണ്ടെങ്കിൽ ബാങ്കിൽ തിരിച്ചടച്ചോണം. 2029 ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും. ജനം നമ്മളെ എഴുതിത്തള്ളിയിട്ടില്ല. പണ്ടത്തെ കാലമല്ല, ഇപ്പോൾ പ്രസംഗിക്കുന്നതുപോലും ആരെങ്കിലും ഫോൺ വച്ച് ടേപ്പ് (റെക്കോർഡ്) ചെയ്യാം. ടേപ്പ് ചെയ്യുന്നവരെ കാണാത്തതുകൊണ്ടാണു താൻ ഇത്രയും പറയുന്നത്. അല്ലെങ്കിൽ പറയില്ല’’ – തോമസ് ഐസക് പ്രസംഗത്തിൽ പറഞ്ഞു.






