ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് കടുത്ത ഊർജക്ഷാമം നേരിടുന്ന നേപ്പാളിന് വൈദ്യുതി നൽകാൻ ഇന്ത്യ. ഈ വർഷാവസാനം വരെ പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നേപ്പാളിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം. 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് ഡിസംബറിൽ പുനഃപരിശോധിക്കും.
ദുരിതത്തിലായ നേപ്പാളിന്റെ അടിയന്തര ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ഊർജ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തീരുമാനം സഹായിക്കുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഓഗസ്റ്റ് 26ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിച്ചിലിനെ തുടർന്നുണ്ടായ പ്രളയത്തിൽ നേപ്പാളിലും ടിബറ്റിലുമായി 1,400ലേറെ പേർ മരിച്ചിരുന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് തൊഴിലാളികൾ ഉൾപ്പെടെ 5,300ലേറെ പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രളയത്തിൽ നേപ്പാളിലെ 13 ജലവൈദ്യുത പദ്ധതികൾ പൂർണമായും തകർന്നിട്ടുണ്ട്. ചില ടണലുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്തെ അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി വൈദ്യുതി ലഭ്യമാക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.






