വാഷിങ്ടൺ: റഷ്യ-യുക്രൈൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘റഷ്യയുടെ ഊർജസംവിധാനങ്ങൾക്കുനേരെ ആക്രമണം നടത്തില്ലെന്ന് യുക്രൈൻ സമ്മതിച്ചിട്ടുണ്ട്. റഷ്യയും അങ്ങനെ ചെയ്യില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല’—ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്കുനേരെ യുക്രൈൻ ആക്രമണം നടത്തുന്നതിനെതിരെ കഴിഞ്ഞദിവസം ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും ഊർജകേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് സമ്മതിച്ചെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്.






