തൃശൂർ: BAR എന്നു കണ്ടതോടെ പിന്നെയൊന്നും ഓർമയില്ല, വാഹനം എവിടേയോ കൊണ്ടെ പാർക്ക് ചെയ്ത് നേരെ ബാറിലേക്ക്… അടിയെല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ ഡ്രൈവറ് ചേട്ടൻ നേരത്തെ വണ്ടി എവിടെയാണ് പാർക്ക് ചെയ്തതെന്ന് മറന്നുപോയി… പിന്നീട് തപ്പി നടന്നത് രണ്ടു ദിവസം. തൃശൂരിൽ പുലിക്കളി ആഘോഷമുണ്ടായിരുന്ന 29ന് വൈകിട്ടാണ് ഈ ഡ്രൈവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മിനി ലോറിയുമായി നഗരത്തിലെത്തിയത്. തുടർന്നു ബാറിൽ കയറി മദ്യപിച്ചു. എന്നാൽ തിരിച്ചിറങ്ങിയപ്പോൾ വാഹനം പാർക്ക് ചെയ്ത സ്ഥലം മറന്നു. അന്നു തന്നെ ബാറിനു സമീപത്തും കുറുപ്പം റോഡിലും ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പിറ്റേ ദിവസം സുഹൃത്തുക്കളോടൊപ്പം വീണ്ടും നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് കോളജ് റോഡിൽ നിന്നാണു വാഹനം കണ്ടെത്തിയത്. കോളജ് റോഡിൽ സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫിസിനു മുന്നിലായിരുന്നു മിനി ലോറി പാർക്ക് ചെയ്തിരുന്നത്.
വാഹനം ശ്രദ്ധയിൽപെട്ട ഓഫിസ് മാനേജർ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പിന്നാലെ പോലീസ് രജിസ്ട്രേഷൻ (ആർസി) വിവരങ്ങൾ പരിശോധിച്ച് വാഹന ഉടമയെ വിവരമറിയിക്കുകയായിരുന്നു.






