കാസർകോട്: ഉപ്പളയിൽ അയൽവാസിയുടെ ചുമ കേട്ട് പ്രകോപിതനായ യുവാവ് പത്രവിതരണക്കാരനായ 58 കാരനെ ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് മർദനമേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് അസൈനാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ ജംഷീദിനെ പ്രകോപിപ്പിച്ചതെന്ന് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ചുമ കേട്ട് ക്ഷുഭിതനായെത്തിയ ജംഷീദ് ആക്രോശിക്കുകയും, അസൈനാറെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു. അസൈനാറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തിന് മൂന്ന് തുന്നലുകൾ വേണ്ടിവന്നു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






