തിരുവനന്തപുരം: നടി പാർവതി തിരുവോത്തിന്റെ ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. ‘അമ്മ’യുടെ മുൻ ഭരണസമിതിയുടെ വീഴ്ചകളും സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പും മറച്ചുവെച്ചാണ് പാർവതി സംസാരിക്കുന്നതെന്ന് ഉഷ ആരോപിച്ചു. ‘അമ്മ’യിലെ മുൻ ഭരണസമിതിക്കെതിരെ ഉയർന്ന ആരോപണങ്ങൾ, മെമ്മറി കാർഡ് വിവാദം, ആഭ്യന്തര പരാതികളിലെ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ പാർവതിക്ക് വ്യക്തമായ മറുപടിയില്ലെന്നും ഉഷ പറഞ്ഞു.
പാർവതി തിരുവോത്തിന്റെ അഭിമുഖം മുഴുവൻ കണ്ടെന്നും ചില കാര്യങ്ങളോട് മാത്രമാണ് തനിക്ക് ശക്തമായ വിയോജിപ്പുള്ളതെന്നും ഉഷ വ്യക്തമാക്കി. ആറുമാസം മാത്രം അധികാരത്തിലിരുന്ന ഭരണസമിതിയെ വിമർശിക്കുന്നത് ശരിയല്ലെന്ന പാർവതിയുടെ നിലപാടിനോട് യോജിക്കാനാകില്ലെന്നും അവർ പറഞ്ഞു. 25 വർഷത്തോളം തിരഞ്ഞെടുപ്പില്ലാതെ ഭരണസമിതിയിൽ തുടർന്നവരിൽ പലരും പുതിയ ഭരണസമിതിയിലും ഉണ്ടായിരുന്നുവെന്നും ഉഷ ചൂണ്ടിക്കാട്ടി.
പുതിയ ഭരണസമിതിക്കുള്ളിൽനിന്നുതന്നെ പരാതികളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നിരുന്നുവെന്ന് ഉഷ ആരോപിച്ചു. അൻസിബ ഹസൻ ഉൾപ്പെടെയുള്ളവർ ഭരണസമിതിയുടെ പ്രവർത്തനരീതിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ നേതൃത്വം തയ്യാറായില്ലെന്നും ഉഷ പറഞ്ഞു.
മെമ്മറി കാർഡ് വിവാദത്തിലും മുൻ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉഷ ഉന്നയിച്ചത്. പരാതികൾക്ക് പരിഹാരം കാണാതെ അവഗണിച്ചെന്നും ചിലരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉഷ വ്യക്തമാക്കി.
‘അമ്മ’യുടെ മുൻ ഭരണസമിതിയുടെ കാലത്ത് സംഘടനയ്ക്കുള്ളിൽ അധികാരത്തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നും ഉഷ ആരോപിച്ചു. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ തമ്മിൽ അധികാരത്തർക്കമുണ്ടായിരുന്നുവെന്നും സംഘടനയ്ക്കുള്ളിൽനിന്നുതന്നെ ഇക്കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
മമ്മൂട്ടിയുടെ സിനിമകളിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയവർ ഗീതു മോഹൻദാസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഉഷ ആരോപിച്ചു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും ഒരേ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രമേഷ് പിഷാരടിയുടെ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട സംഭവത്തിലും പാർവതിക്കെതിരെ ഉഷ വിമർശനമുന്നയിച്ചു. സൗഹൃദപരമായി നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്നും അത് ഒരാളോട് ചെയ്യാവുന്ന നീതികേടാണെന്നും ഉഷ പറഞ്ഞു.
‘അമ്മ’യുമായി തനിക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന വൈകാരിക ബന്ധമുണ്ടെന്നും സംഘടനയ്ക്കുള്ളിൽനിന്നുകൊണ്ടാണ് തങ്ങൾ അനീതികൾക്കെതിരെ പോരാടുന്നതെന്നും ഉഷ വ്യക്തമാക്കി. സംഘടനയോട് യഥാർഥത്തിൽ വൈകാരിക ബന്ധമുള്ളവർ പുറത്തുപോയി വിമർശിക്കുന്നതിന് പകരം അകത്തുനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
“അനീതി കണ്ടാൽ ഞങ്ങളും സംസാരിക്കും. അതിന്റെ നഷ്ടങ്ങളൊക്കെ അവിടെ നിന്നുകൊണ്ട് നേരിടാൻ തയ്യാറാണ്. അല്ലാതെ പേടിച്ചോടി പുറത്തുപോയിട്ട് വിമർശിച്ചുകൊണ്ട് നടക്കുന്നത് അത്ര വലിയ ക്വാളിറ്റിയായിട്ട് എനിക്ക് തോന്നുന്നില്ല. അവരോടുള്ള എല്ലാ ഇഷ്ടവും വച്ചുകൊണ്ടുതന്നെയാണ് പറയുന്നത്” – ഉഷ ഹസീന പറഞ്ഞു. മനോരമ ഓൺലൈന് നല്കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഉഷ ഹസീനയുടെ വാക്കുകൾ:
‘‘എന്തെല്ലാം കള്ളക്കഥകളും നാറുന്ന കഥകളും വന്നു! അൻസിബയുടെ കേസ്, ഒരു നീതി കൊടുത്തോ ആ കുട്ടിക്ക്? ഒരു മേശയ്ക്ക് ചുറ്റും ഒരു പത്ത് പേര് സ്ത്രീകൾ വിളിച്ചിരുത്തി പരാതി പറയുന്നത്, “അത് ഞങ്ങളുടെ ജോലിയല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ കമ്മറ്റി, ഭരണസമിതിയാണ്. ഈ 10 മാസം അവർ ഇരുന്നപ്പോൾ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇതൊക്കെ. നാണക്കേടുണ്ടാക്കുന്ന കഥകൾ, അതൊന്നും പാർവതി തിരുവോത്തിന് പറയാൻ നാവില്ല. അതെന്താ പറയാത്തത്? മമ്മൂക്കയുടെ സിനിമയെക്കുറിച്ച് സ്ത്രീവിരുദ്ധത സിനിമയാണെന്ന് പറഞ്ഞവർ എന്തുകൊണ്ട് ഗീതു മോഹൻദാസിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല? അപ്പോൾ ഇരട്ടത്താപ്പാണ് അവർക്ക്.
ഞങ്ങളുമൊക്കെ ഇവരെപ്പോലെ തന്നെ ‘അമ്മ’യുടെ നീതികേടിനെക്കുറിച്ച് സംസാരിക്കുന്ന, ശബ്ദമുയർത്തുന്ന ആൾക്കാരാണ്. ഞങ്ങൾക്കൊക്കെ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളുമൊക്കെ അത് സഹിച്ചു കൊണ്ടുതന്നെയാണ് അവിടെ നിന്ന് ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. അത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഞങ്ങൾ പറയും. സ്ത്രീകൾ വന്നു എന്ന് പറഞ്ഞ് അവർ കാണിക്കുന്ന തോന്ന്യവാസങ്ങളൊക്കെ സ്ത്രീകളല്ലേ, അതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്തേക്കാം എന്ന് വിചാരിക്കുന്നത് ശരിയാണോ? പുരുഷന്മാർ തെറ്റ് കാണിക്കുന്നതുപോലെ തന്നെ സ്ത്രീകൾ കാണിച്ചാലും അതുതന്നെ. അവർ 25 വർഷം കൊണ്ട് കാണിച്ചത് ഇവർ 6 മാസം കൊണ്ട് കാണിച്ചു കഴിഞ്ഞല്ലോ! ഇനി 60 വർഷം കൊടുക്കണമെന്നോ അല്ലെങ്കിൽ 25 വർഷം കൊടുക്കണമെന്നോ ആണോ? എന്തായിരിക്കും ഈ സംഘടനയുടെ അവസ്ഥ? ഈ ഭരണസമിതി, ഈ സ്ത്രീകൾ 25 വർഷം കൂടെ കൊടുത്തു കഴിഞ്ഞാൽ എന്തായിരിക്കും? ഉണ്ടാവുമോ ഈ സംഘടന? ഒരു രണ്ടുവർഷം കൂടെ കൊടുത്താൽ കാണില്ലല്ലോ ഈ സംഘടന.
അതുപോലെതന്നെ 25 വർഷം ഭരിച്ച ആരാണ് സ്ത്രീകളുടെ ഭരണസമിതിയെ കുറ്റം പറഞ്ഞത്? കുറ്റപ്പെടുത്തിയത്? ആരും കുറ്റപ്പെടുത്തിയില്ല. അവിടെ, ആ ഭരണസമിതിയിലുള്ള സ്ത്രീയായിട്ടുള്ള അൻസിബ ഹസനാണ് ആ കമ്മിറ്റിയെക്കുറിച്ചുള്ള കുറ്റങ്ങളും ആ കമ്മിറ്റിയുടെ രീതി ശരിയല്ലെന്നും പുറംലോകത്തിനോട് പറയുന്നത്. പുറംലോകം അറിയുന്നത് അങ്ങനെയാണ്. അംഗങ്ങൾ അറിയുന്നത് അങ്ങനെയാണ്. അല്ലാതെ ഒരാൾ പോലും ഇവര്‍ ഈ പറയുന്ന പവർ ഗ്രൂപ്പിലുള്ള ആൾക്കാരോ അതല്ലെങ്കിൽ പിന്നെ 25 വർഷം തിരഞ്ഞെടുപ്പ് പോലുമില്ലാതെ ഭരിച്ചു എന്ന് പറഞ്ഞ ആൾക്കാരോ ആരും ഈ ഭരണസമിതിയെ ഒരുവിധത്തിലും ഇന്റർഫിയർ ചെയ്യാൻ ചെന്നിട്ടില്ല.
പിന്നെ കണക്ക് ശരിയല്ല എന്ന് കാണുമ്പോഴത്തേക്ക് ചോദിക്കണ്ടേ? ജനറൽ ബോഡി ചോദിക്കത്തില്ലേ? അത്തരം ചോദ്യങ്ങൾ മാത്രമേയുള്ളൂ. ആ ചോദ്യങ്ങൾ ചോദിച്ചവരാരും ഭരണസമിതിയിലേക്ക് ഇനി വരാൻ തയ്യാറുള്ള ആൾക്കാരുമല്ല, അവർക്ക് ആർക്കും താല്പര്യവുമില്ല വരാൻ. എന്ന് വെച്ചിട്ട് അവരെക്കുറിച്ചും അവരുടെ പേരും പറഞ്ഞ് ഇവര്‍ ഇരിക്കുന്നത്, എല്ലാ തോന്നിയവാസവും കാണിച്ചിട്ട്. അതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റത്തില്ല.
അതൊക്കെ പാർവതി തിരുവോത്ത് നല്ലോണം ആലോചിക്കണം. ഒരു കാര്യത്തെക്കുറിച്ച് നമ്മൾ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ, അതിന്റെ കാര്യങ്ങളെല്ലാം പഠിച്ചിട്ട് വേണം വന്ന് പറയാൻ. അല്ലാതെ ചുമ്മാ ഇഷ്ടം പോലെ അങ്ങ് വന്നിരുന്ന് പറഞ്ഞേക്കരുത്. അവർ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? എല്ലാ കാര്യത്തെക്കുറിച്ചും അവർ നല്ല ബോധവതിയാണല്ലോ. എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. അവരുടെ ചില നിലപാടുകളോട് എനിക്ക് യോജിപ്പാണുള്ളത്. അവർ നല്ലൊരു ആക്ട്രസ് ആണ്, അതൊന്നും നമ്മൾ അംഗീകരിക്കാതിരിക്കുന്നില്ല. ഈ സോഷ്യൽ മീഡിയ, ന്യൂസ് ചാനൽ, ‘അമ്മ’യിൽ നടന്ന കാര്യങ്ങളും ഒക്കെ ഏറ്റവും നന്നായിട്ട് ശ്രദ്ധിക്കുന്ന ആളാണ് ഇവർ. അപ്പോൾ അവർ ഇത്രയും കാര്യങ്ങൾ മൂടിവച്ചിട്ട്, സ്ത്രീകളായതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്യുക എന്ന് പറയുന്നത് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല.
മെമ്മറി കാർഡിന്റെ വിഷയത്തിൽ ഞങ്ങൾ പിന്നോട്ട് പോകാൻ ഒരിക്കലും തയാറല്ല. ഞങ്ങൾ മുൻപോട്ട് തന്നെ പോകും, കോടതിയിൽ തന്നെ പോകും. പുതിയ ഭരണസമിതി വരട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. എന്താണ് അതിന്റെ ഒരു തീരുമാനം ഉണ്ടാവട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. അല്ലാതെ ഇവരെപ്പോലെ കുറെ പേരെ പേടിപ്പിച്ചു നിർത്താനൊന്നുമല്ല. പേടിപ്പിച്ച് അവരുടെ പേരും പറഞ്ഞ് ഇവരുടെ പേരും പറഞ്ഞ് ഭയത്തിന്റെ മുൻമുനയിൽ നിർത്താനൊന്നും ഞങ്ങൾ തയാറല്ല. ഓരോ വ്യക്തികളിൽ നിന്ന് ഞങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പറഞ്ഞിരിക്കുന്നത് ആ മെമ്മറി കാർഡിൽ കൃത്യമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ മുൻപോട്ട് പോകും, പക്ഷേ ഇവര്‍ പോകത്തില്ല. ഇവർക്ക് ഇങ്ങനെ പേടിപ്പിച്ചു നിർത്താനേ അറിയത്തുള്ളൂ. വലിയ വലിയ വർത്തമാനം പറയാനും, പകുതി ഇംഗ്ലിഷും പകുതി മലയാളവും പറയാനേ അറിയത്തുള്ളൂ‘‘. ഉഷ ഹസീന പറയുന്നു.






