കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിലെ വീട്ടിൽ നിന്നാണ് ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകൾ മോഷണം പോയത്. സംഭവത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6.30നും 7നും ഇടയിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയത്. സംഭവത്തിൽ ഫ്രെഡി എൽദോസ് (32) പൊലീസിൽ പരാതി നൽകി.
കണ്ടാലറിയാവുന്ന ഒരാളെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ബിഎൻഎസ്എസ് സെക്ഷൻ 329(3), 305(എ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സബ് ഇൻസ്പെക്ടർ സി.ആർ. രഞ്ചുമോളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.





