കാസർകോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനൊപ്പം ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു.
ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷയിരുന്നത്. ആ ഭാഗത്തെ പ്ലാറ്റ്ഫോമാണ് തകർത്തത്. അപകടത്തിൽ കാലിന്റെ എല്ല് പുറത്തേക്കു തള്ളിയനിലയിലായിരുന്ന യുവതിയെ കെഎസ്ആർടിസി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. കാഞ്ഞങ്ങാട് പോലീസ് കേസെടുത്തു.





