കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന റസുവ ജില്ലയിൽ ആഗസ്റ്റ് 26ന് ഉണ്ടായ മഹാപ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് ഇന്ത്യൻ വംശജ ദമ്പതികൾ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ നിന്നുള്ള അഞ്ജന രാജയും പങ്കാളി പട്ടാഭിരാമൻ വെങ്കടേശനും രക്ഷപ്പെട്ടത് അത്ഭുതകരമായ രീതിയിലാണ്.
ടിബറ്റിലേക്ക് ആദ്യ തീർത്ഥയാത്രയ്ക്കായി എത്തിയതായിരുന്നു ഇരുവരും. നേപ്പാളിലെ ടിമുരെ ഗ്രാമത്തിലൂടെ ടൂർ ബസിൽ സഞ്ചരിക്കുന്നതിനിടെയാണ് പെട്ടെന്ന് മലമുകളിൽ നിന്ന് വെള്ളവും മണ്ണും പാറകളും അടങ്ങിയ കൂറ്റൻ പ്രളയപ്രവാഹം താഴേക്ക് പാഞ്ഞെത്തിയത്. “ഞാൻ മരിക്കാൻ പോകുകയാണെന്ന് ആ നിമിഷം എനിക്ക് മനസ്സിലായി,” അഞ്ജന രാജ ഓർത്തെടുത്തു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ഇരുവർക്കും മനസിലായില്ല. 60 മുതൽ 70 അടി വരെ ഉയരമുള്ള, തവിട്ടുനിറത്തിലും പൊടിപടലങ്ങളോടും കൂടിയ ഒരു ഭീമൻ മതിൽപോലെയാണ് അഞ്ജനയ്ക്ക് വെള്ളപ്പാച്ചിൽ തോന്നിയത്. വെങ്കടേശന് ആദ്യം അത് കാട്ടുതീയാണെന്നാണ് തോന്നിയതെന്നു പറയുന്നു.
ഭൂചലനമാണോ, മണ്ണിടിച്ചിലാണോ, ഹിമപാതമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ബസിന്റെ മുൻഭാഗത്തുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും രണ്ട് സഹായികളും ഇതിനിടെ വാഹനത്തിൽ നിന്ന് ചാടിപ്പോയിരുന്നു. ഇത് കണ്ടതോടെ അഞ്ജനയും വെങ്കടേശനും ബസിൽ നിന്ന് പുറത്തേക്ക് ചാടി. അഞ്ജന പങ്കാളിയുടെ കോളറിൽ പിടിച്ച് “ഓട്” എന്ന് വിളിച്ചു.
താഴേക്ക് നോക്കിയപ്പോൾ ഭീകരമായ കാഴ്ചയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പോലീസ് ബേസ് ക്യാമ്പും അവിടെയുണ്ടായിരുന്ന ആളുകളും പ്രളയത്തിൽ ഒഴുകിപ്പോകുന്നത് അഞ്ജന സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടു. വീടുകൾ തകർന്നുവീഴുന്നതും ആളുകൾ നിലവിളിച്ച് വെള്ളത്തിൽ അകപ്പെടുന്നതും അവർ കണ്ടു.
പിന്നെ ഇരുവരും ഉയർന്ന പ്രദേശത്തേക്ക് ഓടി. ചെളിയും കല്ലുകളും പാറകളും നിറഞ്ഞ, ഇടുങ്ങിയതും വഴുക്കലുള്ളതുമായ പാതയിലൂടെ ഏകദേശം 500 പടികൾ കയറിയാണ് അവർ മലമുകളിലെ സുരക്ഷിതമായ പ്രദേശത്തെത്തിയത്.
“എങ്ങനെയാണ് ഇത്രയും ഉയരത്തിൽ കയറിയതെന്ന് പോലും അറിയില്ല. വളരെ ബുദ്ധിമുട്ടായിരുന്നു,” അഞ്ജന പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ പങ്കാളിയുടെ കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചെന്നും അഞ്ജന പറഞ്ഞു. “ഞാൻ അവനെ എന്റെ ജീവിതത്തിൽ തന്നെ വേണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. ഞാൻ അവനെ പിടിച്ചുകൊണ്ടേയിരുന്നു,” എന്നാണ് അവർ പറഞ്ഞത്.
ആ രാത്രി പ്രദേശവാസികൾക്കും മറ്റ് വിനോദസഞ്ചാരികൾക്കുമൊപ്പം ഒരു ആട്ടിൻ തൊഴുത്തിലാണ് ദമ്പതികൾ കഴിഞ്ഞത്. അടുത്ത ദിവസം ഹെലികോപ്റ്ററിൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തങ്ങൾ രക്ഷപ്പെട്ടത് വിശ്വസിക്കാനാകാത്ത അത്ഭുതമാണെന്നാണ് വെങ്കടേശൻ പറയുന്നത്. അതേസമയം, ഇവർ സഞ്ചരിച്ചിരുന്ന ടൂർ ബസിലുണ്ടായിരുന്ന എല്ലാവരും രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതേസമയം ആഗസ്റ്റ് 26ന് ടിബറ്റ് അതിർത്തിയോട് ചേർന്ന നേപ്പാളിലെ മലനിരകളിൽ ഉണ്ടായ മിന്നൽപ്രളയം രാജ്യത്ത് വൻ നാശമാണ് വിതച്ചത്. നേപ്പാളിൽ ഇതുവരെ 600ലധികം പേർ മരിക്കുകയും 2,426 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ 517 പേർ വിദേശ പൗരന്മാരാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുപ്രകാരം 90 അമേരിക്കൻ പൗരന്മാരെക്കുറിച്ചും വിവരമില്ല. ടിബറ്റിന്റെ ഭാഗത്തും ദുരന്തത്തിൽ അഞ്ച് പേർ മരിച്ചതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 500ലധികം പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.






