വാഷിങ്ടൻ: യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും നേപ്പാൾ സ്വദേശിയായ ആൺസുഹൃത്തും കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിലാണ് സംഭവം. ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജ മലൈക ചിത്ര (24), സുഹൃത്ത് നവം കൗളുമാണ് (24) അപകടത്തിൽ മരിച്ചത്.
പുലർച്ചെ 3.15ഓടെ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ ഇരിക്കുമ്പോഴാണ് തെക്കോട്ട് സഞ്ചരിച്ചിരുന്ന നമ്പർ 4 സബ്‌വേ ട്രെയിൻ ഇരുവരെയും ഇടിച്ചത്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റ് (NYPD) ആണ് വിവരം പുറത്തുവിട്ടത്. സംഭവത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ ഒരു വഴിയാത്രക്കാരൻ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോയിൽ ഇരുവരും പാളത്തിൽ ശാന്തമായി ഇരിക്കുന്നതായി കാണാം. ട്രെയിൻ അതിവേഗം അടുത്തെത്തിയതിന് പിന്നാലെ ഇരുവരെയും ഇടിച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ട്.
രണ്ടു പേർ ട്രാക്കിൽ ഇരിക്കുന്നത് കണ്ടെന്നും എമർജൻസി ബ്രേക്ക് പ്രയോഗിക്കാൻ ശ്രമിച്ചിട്ടും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിനു ശേഷം ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ഏകദേശം 100 യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
അപകടം ഇരുവരിൽ ഒരാൾ അബദ്ധത്തിൽ പാളത്തിലേക്ക് വീണതാകാമെന്നും അല്ലെങ്കിൽ സ്വയം പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. തുടർന്ന് മറ്റെയാൾ സഹായിക്കാനായി പാളത്തിലേക്ക് ഇറങ്ങിയതാകാമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ന്യൂജഴ്സിയിൽ താമസിക്കുന്ന രണ്ടുപേരും എന്തിനാണ് ഇവിടെ എത്തിയതെന്ന അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇവർ മദ്യപിച്ചിരുന്നോ എന്നും അന്വേഷിക്കും. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. ഏകദേശം ഒരേ കാലയളവിലാണ് ഇരുവരും സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയതെന്നും അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽനിന്ന് വ്യക്തമാകുന്നു.






