ലണ്ടൻ: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ലോകകപ്പ് ജേതാവുമായ ക്യാപ്റ്റൻ ഇമ്രാൻ ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത സ്കൈ സ്പോർട്സിനെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഔദ്യോഗികമായി പരാതി നൽകി. ഇംഗ്ലണ്ടിനെതിരായ ലോർഡ്സിലെ രണ്ടാം ടെസ്റ്റിന്റെ ലഞ്ച് ഇടവേളയിലാണ് ഇമ്രാൻ ഖാന്റെ മക്കളായ സുലൈമാൻ ഖാനും കാസിം ഖാനും പങ്കെടുത്ത 18 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. മുൻ ഇംഗ്ലണ്ട് താരവും സ്കൈ സ്പോർട്സ് അവതാരകനുമായ മൈക്കൽ ആതർട്ടനാണ് അഭിമുഖം നടത്തിയത്.
അഭിമുഖത്തിൽ ജയിലിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയെയും ജീവൻ സംബന്ധിച്ച ആശങ്കകളെയും കുറിച്ച് ഇരുവരും തുറന്നുപറഞ്ഞു. ഇമ്രാൻ ഖാൻ മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും ആരോഗ്യപരിചരണവും ലഭിക്കുന്നില്ലെന്ന ആശങ്കയും മക്കൾ പങ്കുവെച്ചു.
അതേസമയം അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് മുമ്പുതന്നെ പിസിബി സ്കൈ സ്പോർട്സുമായി ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചതായാണ് റിപ്പോർട്ട്. അഭിമുഖം സംപ്രേഷണം ചെയ്താൽ ലഞ്ചിന് ശേഷം പാക്കിസ്ഥാൻ താരങ്ങൾ മൈതാനത്തേക്ക് തിരിച്ചെത്തില്ലെന്നും പ്രതിഷേധമായി മത്സരം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ടെന്നും ബോർഡ് മുന്നറിയിപ്പ് നൽകിയതായാണ് ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
പിസിബിയുടെ എതിർപ്പിനെ തുടർന്ന് സ്കൈ സ്പോർട്സ് അഭിമുഖം ആദ്യം വൈകിപ്പിച്ചെങ്കിലും പിന്നീട് 18 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. അഭിമുഖം അവസാനിക്കുമ്പോഴേക്കും ലഞ്ചിന് ശേഷമുള്ള സെഷനായി പാക്കിസ്ഥാൻ താരങ്ങൾ മൈതാനത്തേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.40നായിരുന്നു രണ്ടാം സെഷൻ ആരംഭിക്കേണ്ടിയിരുന്നത്.
ബുധനാഴ്ച ലോർഡ്സിലെ റൈറ്റേഴ്സ് റൂമിലാണ് ആതർട്ടൻ ഇമ്രാൻ ഖാന്റെ മക്കളുമായി അഭിമുഖം നടത്തിയത്. ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്കൈ സ്പോർട്സ് അഭിമുഖത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. എന്നാൽ പാക്കിസ്ഥാനിലെ മത്സരത്തിന്റെ ഔദ്യോഗിക സംപ്രേഷകരായ പി ടിവി അഭിമുഖം സംപ്രേഷണം ചെയ്തില്ല. ലോകകപ്പ് സമയത്തും പാക്കിസ്ഥാൻ സമാന രീതിയിലുള്ള പ്രതിഷേധ തന്ത്രങ്ങൾ പുറത്തെടുത്തെങ്കിലും അവസാന നിമിഷം മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക്കിസ്ഥാനിൽ ഇമ്രാൻ ഖാന്റെ ആരോഗ്യനില വലിയ ചർച്ചയായിരിക്കുകയാണ്. മുൻ പ്രധാനമന്ത്രിക്ക് മതിയായ ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മക്കൾ നിരന്തരം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച പാക്കിസ്ഥാൻ സുപ്രീം കോടതി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പരിശോധനയ്ക്കായി അദ്ദേഹത്തെ സർക്കാർ നിയന്ത്രണത്തിലുള്ള പിഐഎംഎസിലേക്ക് മാറ്റുകയും പരിശോധനയ്ക്ക് ശേഷം വീണ്ടും ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ ഈ നീക്കം സുപ്രീം കോടതി ഉത്തരവ് ലംഘിച്ചെന്നാണ് ഇമ്രാൻ ഖാന്റെ സഹോദരിമാരും മക്കളും ആരോപിക്കുന്നത്. സ്വന്തം ഡോക്ടറെ കാണാൻ പോലും ഇമ്രാൻ ഖാന് അനുമതി നൽകുന്നില്ലെന്നും അവർ ആരോപിച്ചു. അദ്ദേഹത്തിന് ആവശ്യമായ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് മക്കളുടെ അഭിമുഖം സ്കൈ സ്പോർട്സ് സംപ്രേഷണം ചെയ്തത്.
ഇതിനിടെ ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 22 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് വീണ്ടും കത്തയച്ചതായും ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്തു. സുപ്രീം കോടതി നിർദേശത്തിന് ശേഷമുണ്ടായ നടപടികൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ താരങ്ങൾ വീണ്ടും ഇടപെട്ടത്.
മൈക്കൽ ആതർട്ടൻ, അലക്സ് ബ്ലാക്ക്വെൽ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, അലസ്റ്റർ കുക്ക്, മൈക്കൽ ഗാറ്റിങ്, സുനിൽ ഗവാസ്കർ, കപിൽ ദേവ്, ലീ ജെർമൺ, ആദം ഗിൽക്രിസ്റ്റ്, ഡേവിഡ് ഗവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, അർജുന രണതുംഗ, ആൻഡ്രൂ സ്ട്രോസ്, ദിലീപ് വെങ്സർക്കാർ, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പുവെച്ചത്.
ഇമ്രാൻ ഖാന്റെ ചികിത്സയ്ക്കായി ഇതിന് മുമ്പും മുൻ അന്താരാഷ്ട്ര ക്യാപ്റ്റന്മാർ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ 14 മുൻ ക്യാപ്റ്റന്മാർ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് മറുപടി ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 22 പേരുടെ ഒപ്പുകളുള്ളതാണ് പുതിയ കത്ത്.






