ന്യൂഡൽഹി: 105-ാം വയസിൽ കൊലക്കേസ് പ്രതിക്ക് സുപ്രീംകോടതിയുടെ ആശ്വാസ വാർത്തയെത്തി ഇനിയുള്ളത് ദിവസങ്ങളായാലും മാസങ്ങളായാലും അഥവാ വർഷങ്ങളായാലും സ്വതന്ത്രനായി ജീവിക്കാം. പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ കേസിൽ ശേഷിക്കുന്ന ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച ഒഴിവാക്കി. പ്രായാധിക്യം കണക്കിലെടുത്താണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്.
1920ൽ ജനിച്ച മൊണ്ടാൽ 1994ലാണ് കൊലക്കേസിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ടത്. തുടർന്ന് ഏകദേശം മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞു. 2024 നവംബർ 29ന് സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. മൊണ്ടാലിന്റെ പ്രായം പരിഗണിച്ച കോടതി, ശേഷിക്കുന്ന ശിക്ഷയുണ്ടെങ്കിൽ അതും ഒഴിവാക്കി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി.
ജീവപര്യന്തം ശിക്ഷ സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും ഇനി മൊണ്ടാലിനെ ജയിലിലേക്ക് തിരിച്ചയക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 2024ൽ അനുവദിച്ച ഇടക്കാല ജാമ്യവും കോടതി സ്ഥിരപ്പെടുത്തുകയും അന്തിമമാക്കുകയും ചെയ്തു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും നേരത്തെ കോടതി പരിഗണിച്ചിരുന്നു. 2020ൽ 99-ാം വയസിൽ മൊണ്ടാൽ പ്രായവും വാർധക്യസഹജമായ അസുഖങ്ങളും ചൂണ്ടിക്കാട്ടി നേരത്തെ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2021 മേയിൽ അദ്ദേഹത്തിന്റെ ഹർജിയിൽ പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
2018ൽ കൊൽക്കത്ത ഹൈക്കോടതി മൊണ്ടാലിന്റെ കുറ്റക്കാരനെന്ന വിധിക്കെതിരായ അപ്പീൽ തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഹൈക്കോടതി വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹർജി തള്ളപ്പെട്ടു. തുടർന്ന് പ്രായാധിക്യവും ദീർഘകാലത്തെ ജയിൽവാസവും ചൂണ്ടിക്കാട്ടി മോചനം ആവശ്യപ്പെട്ടുള്ള നിയമനടപടികൾ തുടർന്നു. 2024 നവംബറിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷവും കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു.
വെള്ളിയാഴ്ചത്തെ ഉത്തരവോടെ നീണ്ടുനിന്ന നിയമനടപടികൾക്ക് സുപ്രീംകോടതി വിരാമമിട്ടു. ശേഷിക്കുന്ന ജീവപര്യന്തം ശിക്ഷ ഒഴിവാക്കിയതോടെ 105-കാരനായ രസിക് ചന്ദ്ര മൊണ്ടാലിന് ഇനി സ്വതന്ത്രനായി ജീവിതത്തിന്റെ ശേഷിക്കുന്ന കാലം കഴിയാം.






