കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ഡോ. എം.കെ. റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണോദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാത്തതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീർ കല്ലൻ സർവീസിൽ തുടരുന്നത് ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു. അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
റാമിനെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെതിരേ മാതാപിതാക്കൾ നൽകിയ ഉപഹർജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം ഹർജി ഉത്തരവിനായി മാറ്റി. കേസ് പരിഗണിച്ചപ്പോൾതന്നെ ഡിവൈഎസ്പി സർവീസിൽ തുടരുകയാണോയെന്ന് കോടതി ആരാഞ്ഞു. തുടരുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
സവർക്കറിനെക്കുറിച്ച് ചോദ്യം ചോദിച്ച അധ്യാപകനെയും തിരുവനന്തപുരം കോർപ്പറേഷനിൽ ഏതോ കത്ത് നൽകിയ ഉദ്യോഗസ്ഥയെയുമൊക്കെ ഉടൻ സസ്‌പെൻഡ് ചെയ്തു. വിജിലൻസിൽ പരാതി നിലനിൽക്കേ എഡിജിപിയെ ഡിജിപിയാക്കി. എഡിജിപി അജിത്കുമാറിനെ സസ്‌പെൻഡ് ചെയ്തു.എന്നിട്ടും വീഴ്ചവരുത്തിയെന്നു വ്യക്തമായ ഡിവൈഎസ്പിയുടെ സസ്‌പെഷന്റെ കാര്യംവന്നപ്പോൾ സർക്കാർ ചട്ടത്തെക്കുറിച്ച് പറയുകയാണ്. ഇത് ഇരട്ടത്താപ്പാണ് -കോടതി പറഞ്ഞു.
അതുപോലെ തൂഫാനിൽ കുറച്ച് ആളുകളെ പിടിക്കുന്നുണ്ട്. ബാക്കിയെല്ലാം പക്ഷപാതപരമാണെന്നും കോടതി പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് അറസ്റ്റിൽ വീഴ്ചവരുത്തിയതെന്ന് നിങ്ങൾക്കറിയാം. ഈ പരിപാടി നടക്കില്ല -കോടതി വ്യക്തമാക്കി. അതേസമയം നടപടിക്രമങ്ങൾ പാലിച്ച് പോലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത ഡോ. റാം റിമാൻഡിലാണ്. ഡിവൈഎസ്പിയെ കോടതി നേരത്തേ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.






