തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഡോക്ടർമാരുടെ പേര്, ഒ.പി ദിവസവും സമയവും ഉൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രികളിൽ കൃത്യമായി പ്രദർശിപ്പിക്കണം.
സംസ്ഥാനത്തെ താഴെത്തട്ടിലുള്ള പല സർക്കാർ ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നിർദേശം അടിയന്തരമായി നടപ്പാക്കണം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
ഓരോ ആശുപത്രിയിലും ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം എന്നിവ രോഗികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം. വിവരങ്ങളിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് അവ കൃത്യമായി പുതുക്കുകയും വേണം.
ആരോഗ്യ സേവനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഡോക്ടർമാരുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ ധാരണ ലഭിക്കാനും ഇതിലൂടെ സാധിക്കും.
പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (വിജിലൻസ്) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടർമാർ എത്താത്തത് തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ട് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും ഇതുവഴി രോഗികൾക്ക് സാധിക്കും.
നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സേവനത്തിൽ വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.






