ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബി. നിലവിൽ വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്നും ഇത്തരം കേസുകളെല്ലാം പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്നും എംഎ ബേബി പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാരെ വേട്ടയാടുക എന്നുള്ള വ്യക്തമായ ഒരു പദ്ധതി നിലവിൽ ബിജെപിക്കുണ്ട്. ഈ വേട്ടയാടൽ പദ്ധതിയുടെ ഭാഗമായിട്ടാണ് വന്ദേമാതരത്തിന്റെ പേരിൽ ഇന്ത്യയുടെ പലഭാഗത്തും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേസുകൾ ചാർജ് ചെയ്യുന്നത്. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും എഐസിസി ആസ്ഥാനത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് അവർ തന്നെ ഇതിനോടകം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വിവാദമായിക്കൊണ്ടിരിക്കുന്ന കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്ക് പ്രതീകാത്മകമായി റീത്ത് വെച്ച് നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം.എ ബേബി വ്യക്തമായ മറുപടി നൽകിയില്ല.
ശവസംസ്കാര ഘോഷയാത്ര ഉൾപ്പെടെയുള്ള സമരരീതികൾ ശരിയാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ അറിഞ്ഞുകൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെ ഇത്തരം കാര്യങ്ങളെല്ലാം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് ഉൾപ്പെടെയുള്ളവർ വിശദീകരിക്കുമെന്നും, അത്തരം വിഷയങ്ങളിൽ താൻ ഇടപെടാറില്ലെന്നും പ്രതികരിച്ചുകൊണ്ട് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.






