ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.
ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിൽ ഇതുവരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സിബിഐയോട് ചോദിച്ചു. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ഹർജിയിൽ അലഹബാദ് ഹൈക്കോടതിയിൽ തുടരുന്ന നടപടികൾ തൽക്കാലം നീട്ടിവയ്ക്കാനും സുപ്രീംകോടതി നിർദേശിച്ചു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് നൽകിയ പരാതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അലഹബാദ് ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
എന്നാൽ സ്റ്റേ അനുവദിക്കുന്നതിനെ സിബിഐക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എതിർത്തു. പരാതിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും നിലവിൽ വിഷയത്തിൽ പരിശോധന നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിനാൽ ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്യേണ്ടതില്ലെന്നും എസ്.വി. രാജു വാദിച്ചു.
പരാതിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിൽ സിബിഐ ഇതുവരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് ജോയ്മാല ബാഗ്ചി ചോദിച്ചു.
തുടർന്നാണ് അലഹബാദ് ഹൈക്കോടതിയിലെ നടപടികൾ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ നീട്ടിവയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സിബിഐക്ക് ഹൈക്കോടതിയിൽ സമർപ്പിക്കാനാകില്ല.
അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ എസ്. വിഘ്നേശ് ശിശിർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസും അയച്ചു.






