ടെൽഅവീവ്: ഗാസയിലെ ഇസ്രയേൽ ആക്രമണം കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. ഓരോ രാത്രിയും 30 മുതൽ 40 വരെ പേരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തണം എന്നായിരുന്നു ബെൻ-ഗ്വിറിന്റെ പരാമർശം. മുൻ ഗാസ ബന്ദിയായ റോം ബ്രാസ്‌ലാവ്സ്കിയുമായി നടത്തിയ പോഡ്കാസ്റ്റ് സംഭാഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലസ്തീൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിലെ ആക്രമണങ്ങളുടെ തോത് കുറച്ചതിനെയും ബെൻ-ഗ്വിർ വിമർശിച്ചു. പ്രധാനമന്ത്രിയുടെ സമീപനത്തോട് തനിക്ക് യോജിപ്പില്ലെന്നും ഗാസയിൽ കൂടുതൽ ശക്തമായ കൊലപാതകങ്ങൾ നടത്തണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“പ്രധാനമന്ത്രിയുമായി എനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നത് രഹസ്യമല്ല. ഗാസയിൽ ലക്ഷ്യമിട്ട കൊലപാതകങ്ങൾ നടത്തണം. ഓരോ രാത്രിയും 30 മുതൽ 40 പേരെ ഇല്ലാതാക്കണം,” എന്നായിരുന്നു ബെൻ-ഗ്വിറിന്റെ പരാമർശം. അവർ ജീവിക്കാൻ അർഹതയില്ലാത്തവരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബെൻ-ഗ്വിറിന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വീണ്ടും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഗാസയിലെ ഇസ്രയേൽ നടപടികളുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഉദ്യോഗസ്ഥരുടെ സമാന പ്രസ്താവനകൾ നേരത്തെ തന്നെ അന്താരാഷ്ട്ര നിയമപരമായ ചർച്ചകളിലും വിമർശനങ്ങളിലും ഇടം നേടിയിരുന്നു. ഇസ്രയേൽക്കെതിരെ വംശഹത്യാ ഉദ്ദേശ്യമുണ്ടെന്ന ആരോപണം ഇസ്രയേൽ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, ബെൻ- ഗ്വിറിന് ഇസ്രയേൽ സൈന്യത്തിന് നേരിട്ട് ആക്രമണ ഉത്തരവ് നൽകാനുള്ള അധികാരമില്ല. രാജ്യത്തെ ദേശീയ പോലീസ് സേനയുടെയും ജയിൽ സംവിധാനത്തിന്റെയും മേൽനോട്ടം വഹിക്കുന്ന മന്ത്രിയായതിനാൽ സുരക്ഷാ സംവിധാനത്തിലെ ചില മേഖലകളിൽ അദ്ദേഹത്തിന് കാര്യമായ സ്വാധീനമുണ്ട്.
ഗാസയിൽനിന്ന് പാലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കണമെന്നും പ്രദേശത്ത് ഇസ്രയേലികളുടെ പുനരധിവാസം നടത്തണമെന്നും ബെൻ-ഗ്വിർ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഗാസയിലെ പാലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾക്ക് ഇടയാക്കാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ട്രംപിന്റെ പ്രതിനിധികളായ ജാരഡ് കുഷ്നറും നിക്കോളായ് മ്ലാദെനോവും ഈജിപ്ത്, ഖത്തർ, തുർക്കി മധ്യസ്ഥരുമായി കെയ്‌റോയിൽ ചർച്ചകൾ നടത്തിയിരുന്നു. ഹമാസ് പ്രതിനിധികളും ചില ചർച്ചകളിൽ പങ്കെടുത്തു.
ഗാസയിലെ സൈനിക നടപടികൾ ഉടൻ നിർത്തുക, ഹമാസിനെ നിരായുധീകരിക്കുക, തുടർന്ന് ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുക, പുതിയ പാലസ്തീൻ സിവിലിയൻ ഭരണത്തിന് കീഴിൽ പുനർനിർമാണം നടത്തുക എന്നിവയാണ് സമാധാന പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ. യുദ്ധം വീണ്ടും ആരംഭിക്കുന്നത് ഒഴിവാക്കാൻ നിർദേശം അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയെങ്കിലും ഇസ്രയേൽ സൈനിക പിൻവാങ്ങലും ആക്രമണം അവസാനിപ്പിക്കലും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നയതന്ത്ര നീക്കങ്ങൾ തുടരുന്നതിനിടയിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസ്, നുസൈറാത്ത് മേഖലകളിൽ ഹമാസ്, ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. നുസൈറാത്ത് അഭയാർഥി ക്യാംപിലെ ഒരു അപ്പാർട്ട്മെന്റിലും വ്യോമാക്രമണം നടന്നു. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റതായും ഒരാൾ പിന്നീട് മരിച്ചതായും പാലസ്തീൻ മെഡിക്കൽ അധികൃതർ അറിയിച്ചു.






