ചേർപ്പ്: ഡിസ്റ്റിലറിക്ക് സമാനമായ സർവവിധ സന്നാഹങ്ങളോടെ വാടകവീട്ടിൽ പ്രവർത്തിച്ച വ്യാജ വിദേശമദ്യ നിർമാണകേന്ദ്രം എക്സൈസ് സംഘം അടപ്പിച്ചു. സംഭവത്തിൽ 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും സഹിതം നന്തിപുലം ആറ്റപ്പിള്ളി കുന്നത്ത് പറമ്പിൽ ജിതിൻ (27) അറസ്റ്റിലായി. തമിഴ്നാട്ടിൽ നിന്നു കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ച് സ്വന്തമായി ജിതിൻ മദ്യനിർമാണം നടത്തിവരികയായിരുന്നു. പമ്പിങ് മെഷീൻ സഹിതമുള്ള സന്നാഹങ്ങൾ ഒരുക്കിയിരുന്നു. ശിവകാശിയിൽ നിന്ന് അച്ചടിച്ച് എത്തിച്ച ലേബലുകൾ ഒട്ടിച്ചു വിദേശമദ്യം വിറ്റിരുന്നതു 300 രൂപ നിരക്കിലാണെന്നും എക്സൈസ് കണ്ടെത്തി.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ്റപ്പിള്ളിയിലെ വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം പാറളം ചിറ ഗ്രീൻ ലെയ്ൻ റോഡിൽ സ്കൂട്ടറിൽ 18 ലീറ്റർ മദ്യക്കുപ്പികൾ ചാക്കിൽ നിറച്ചു വിൽപനയ്ക്കായി കൊണ്ടുപോകുമ്പോൾ ജിതിനെ എക്സൈസ് പിടികൂടിയിരുന്നു. വ്യാജമായി നിർമിച്ചതാണെന്നു കണ്ടെത്തിയതോടെ ജിതിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണു കിടപ്പുമുറി മൊത്തത്തിലൊരു കമനീയമായ മദ്യനിർമാണശാലയാണെന്നു കണ്ടത്. അലമാരകളിൽ നൂറുകണക്കിനു മദ്യക്കുപ്പികൾ അടുക്കിവച്ച നിലയിലായിരുന്നു. സമീപത്തു തന്നെ മദ്യം നിറയ്ക്കാനുള്ള മെഷീനും കണ്ടെടുത്തി.
അതേസമയം കഴിഞ്ഞ ജൂൺ മാസത്തിലാണ് ജിതിൻ ഇവിടെ വീടു വാടകയ്ക്ക് എടുത്തു മദ്യ നിർമാണം തുടങ്ങിയത്. ജിതിന്റെ വീട്ടുകാർ ഏതാനും കിലോമീറ്റർ അകലെയുള്ള വീട്ടിലാണു താമസം. മുൻപു വിദേശത്തു ജോലി ചെയ്തിരുന്ന സമയത്തു സ്പിരിറ്റ് ഉപയോഗിച്ചു വ്യാജമദ്യം നിർമിക്കുന്ന വിധം ജിതിൻ മനസിലാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഇടനിലക്കാരൻ വഴി സ്പിരിറ്റ് തരപ്പെടുത്തുന്നതായിരുന്നു രീതി. ശിവകാശിയിൽ നിന്നു ലേബലുകൾ ഹോളോഗ്രാം സഹിതം പ്രിന്റ് ചെയ്ത് എത്തിച്ചിരുന്നതും ഇയാൾ തന്നെ. വിൽപനയ്ക്കായി ഇടനിലക്കാരെ ജിതിൻ സംഘടിപ്പിച്ചു. സ്കൂട്ടറിൽ പലയിടങ്ങളിലായി ജിതിൻ തന്നെ ഇടനിലക്കാർക്ക് എത്തിച്ചു നൽകും. അങ്ങനെ കോടന്നൂരിലെ ഇടനിലക്കാരനു മദ്യം നൽകാനുള്ള യാത്രയ്ക്കിടയിലാണു പിടിക്കപ്പെട്ടത്. വിപണിയിൽ അര ലീറ്ററിന് 500 രൂപയോളം വിലയുള്ള വിദേശമദ്യത്തിന്റെ വ്യാജ പതിപ്പാണു ജിതിൻ 300 രൂപയ്ക്ക് നിർമിച്ചിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. ഇൻസ്പെക്ടർ വി.ആർ.ജോർജ്, പ്രിവന്റിവ് ഓഫിസർമാരായ പി.കെ.സുനിൽ, വി.വി. കൃഷ്ണകുമാർ, കെ.ആർ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ കെ.സി. രഞ്ജിത്ത്, സി.എ.വൈഷ്ണവ്, കെ.എസ്.ശ്യാമലത, പി.എസ്.സിജൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.






