എറണാകുളം: നെടുമ്പാശ്ശേരിയിൽ പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതി(14)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മാതാപിതാക്കൾ കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ച സമയത്ത് ലൈൻ എൻഗേജ്ഡ് ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പാർവതി.
അതേസമയം സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






