ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ (Indus Waters Treaty) ഇന്ത്യ ഏകപക്ഷീയമായി മരവിപ്പിച്ചതിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്. പാക്കിസ്ഥാന്റെ ജലാവകാശത്തെ ബാധിക്കുന്ന ഏതൊരു നടപടിയും അംഗീകരിക്കില്ലെന്നും രാജ്യത്തിന്റെ ഓരോ തുള്ളി വെള്ളവും നമ്മുടെ റെഡ് ലൈൻ ആണെന്നും ഷെഹ്ബാസ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന പരിപാടിക്കിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രകോപന പരാമർശം.
പാക്കിസ്ഥാൻ സമാധാനത്തിന്റെ വക്താവാണെന്നും എന്നാൽ സമാധാനത്തിനുള്ള ആഗ്രഹം ബലഹീനതയായി കാണരുത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിക്കും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പാക്കിസ്ഥാന്റെ ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്. ഇന്ത്യയ്ക്ക് ബോധം വീണ്ടെടുക്കുന്നില്ലെങ്കിൽ നേരിട്ട് തിരിച്ചടിയുണ്ടാകും,” ഷെഹ്ബാസ് ഷരീഫ് പറഞ്ഞു. അതുപോലെ സിന്ധു നദീജല കരാർ ഇന്ത്യ ഏകപക്ഷീയമായും നിയമവിരുദ്ധമായും മരവിപ്പിച്ചുവെന്നും ഇതിലൂടെ ന്യൂഡൽഹി സമാധാനത്തിന്റെ ശത്രുവായി മാറിയെന്നും ഷെഹ്ബാസ് ആരോപിച്ചു.
അതേസമയം 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ചതാണ് സിന്ധു നദീജല കരാർ. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് കശ്മീരിലൂടെ ഒഴുകുന്ന സിന്ധു നദി പാക്കിസ്ഥാന്റെ പ്രധാന ജലസ്രോതസുകളിലൊന്നാണ്. കരാർ പ്രകാരം സിന്ധു നദീതടത്തിലെ ജലത്തിന്റെ ഏകദേശം 20 ശതമാനം ഉപയോഗിക്കാനുള്ള അവകാശമാണ് ഇന്ത്യയ്ക്കുള്ളത്. ശേഷിക്കുന്ന 80 ശതമാനം പാക്കിസ്ഥാനാണ് ലഭിക്കുന്നത്.
കരാർ പ്രകാരം സിന്ധു, ജെലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികൾ പ്രധാനമായും പാക്കിസ്ഥാന്റെ ഉപയോഗത്തിനും രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികൾ ഇന്ത്യയുടെ ഉപയോഗത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, മറുവശത്തെ നദികളിലും ചില പരിമിതമായ ഉപയോഗങ്ങൾ ഇരുരാജ്യങ്ങൾക്കും കരാർ അനുവദിക്കുന്നുണ്ട്.
എന്നാൽ 2025 ഏപ്രിലിൽ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പഹൽഗാം ആക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ഉത്തരവാദികളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഇതിനു കാരണമായി ഇന്ത്യ വ്യക്തമാക്കിയത്.
കരാർ മരവിപ്പിച്ചതിന് പിന്നാലെ പടിഞ്ഞാറൻ നദികളിലെ ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കിടുന്നത് ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലത്ത് ഈ വിവരങ്ങൾ പാക്കിസ്ഥാന് ഏറെ പ്രാധാന്യമുള്ളതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ മുന്നറിയിപ്പുകൾ ഉപയോഗിച്ച് പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് പാക്കിസ്ഥാൻ നേരത്തെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു.
അതുപോലെ കരാർ മരവിപ്പിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജലതർക്കം കൂടുതൽ രൂക്ഷമായി. എന്നാൽ കരാർ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ഈ വിഷയത്തിൽ അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാൻ നിരന്തരം പ്രതിഷേധം ഉന്നയിച്ചുവരികയാണ്. ഇരുരാജ്യങ്ങളും ആണവശക്തികളായതിനാൽ സിന്ധു നദീജല കരാറിനെ ചുറ്റിപ്പറ്റിയുള്ള തർക്കം ഇന്ത്യ–പാക് ബന്ധത്തിലെ ഏറ്റവും നിർണായക വിഷയങ്ങളിലൊന്നായി തുടരുകയാണ്.






