കണ്ണൂർ: തലശേരിയിൽ ജോലി തട്ടിപ്പിൽപ്പെട്ട് ബിജെപി നേതാവ് ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ജീവനൊടുക്കിയ കേസിലാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതിശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. കൂടാതെ ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനകത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ച് നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതിശൻ ജീവനൊടുക്കുകയായിരുന്നു. രതിശൻറെ ആത്മഹത്യാകുറിപ്പിൽ തട്ടിപ്പ് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു.
ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫിസ് മുറിയിൽ രതിശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ രതിശൻ ഓഫീസിലെത്തി ജീവനൊടുക്കുകയായിരുന്നു.






