കൊച്ചി: സിബിഎസ്ഇ തായ്ക്വാണ്ടോ സൗത്ത് സോൺ മത്സരത്തിൽ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ സിബിഎസ്ഇ അധികൃതർക്കെതിരെയും റെഫറിക്കെതിരെയും പരാതി നൽകുമെന്ന് പരുക്കേറ്റ കുട്ടിയുടെ കുടുബം. മത്സരത്തിൽ ചട്ടലംഘനം നടത്തിയ റെഫറിക്കെതിരെ ക്രിമിനൽ കേസ് നൽകുമെന്ന് കുടുംബം പറഞ്ഞു.
സിബിഎസ്ഇ ചെയർമാന് നൽകിയ പരാതിയിൽ കുട്ടിയുടെ അവസ്ഥ അന്വേഷിച്ചു കൊണ്ടുള്ള ഒരു മെയിലും ഒരു കോളും വന്നിരുന്നു. മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സിബിഎസ്ഇ നടത്തിപ്പുകാർക്കെതിരെ സ്കൂളിന്റെ സഹകരണത്തോടെ പരാതി നൽകുമെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
അതേസമയം നിലവിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അപകടനില തരണം ചെയ്തു. തലച്ചോറിൽ ചെറിയ പ്രശ്നങ്ങളുണ്ട് പ്രശ്നങ്ങൾ ഫിസിയോതെറാപ്പിയിലൂടെ മാറ്റാമെന്നും വളരെ ഗുരുതരമല്ലെന്നുമാണ് ഡോക്ടർ പറയുന്നക്. ഗ്രോയിൻ കിക്ക് കിട്ടിയതിനാൽ മൂത്രത്തിലൂടെ രക്തം പോകുന്നുണ്ടായിരുന്നു. കുട്ടി അനങ്ങിക്കഴിഞ്ഞാൽ തലച്ചോറിന് ദോഷമായി മാറുന്നതിനാൽ സഡേഷൻ നൽകികൊണ്ടിരിക്കുകയാണ്. വിളിച്ചാൽ കണ്ണ് തുറന്നു നോക്കും എന്നല്ലാതെ തിരിച്ചറിയുന്നില്ല. സഡേഷന്റെ എഫക്ട് കുറയുമ്പോൾ കുട്ടി പ്രതികരിക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി.
ഓഗസ്റ്റ് മൂന്നിന് മഹാരാഷ്ട്രയിലെ ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ വച്ച് നടന്ന സിബിഎസ്ഇ സൗത്ത് സോൺ തായ്ക്വാണ്ടോ മത്സരത്തിനിടെയാണ് തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഫായിസ് അബ്ദുൾ ജലാൽ (17)ന് പരുക്കേറ്റത്.
മത്സരത്തിനിടെ എതിർ മത്സരാർഥി അടിവയറ്റിൽ ചവിട്ടുകയും തലയ്ക്ക് നേരെ തൊഴിക്കുകയുമായിരുന്നു. നിയമവിരുദ്ധമായി അടിവയറ്റിൽ പ്രഹരിച്ചതിനെ തുടർന്ന് തളർച്ച നേരിട്ടതോടെ ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിംഗിന് പുറത്തേക്ക് നീങ്ങിയെങ്കിലും ഫൗൾ വിളിക്കുകയോ മത്സരം നിർത്തുകയോ റഫറി ചെയ്തില്ല. പിന്നാലെ ഫായിസിന്റെ തലയ്ക്ക് എതിരാളി തൊഴിക്കുകയായിരുന്നു. ഇതോടെ വിദ്യാർഥി തളർന്നു വീണു. വീണ വീഴ്ചയിൽ തലയ്ക്ക് പൊട്ടൽ സംഭവിച്ചതായും തലച്ചോറിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തി. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും ചെയ്തു. ഞായറാഴ്ചയാണ് 17 ലക്ഷം ചെലവഴിച്ച് കുട്ടിയെ എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്.




