കണ്ണൂർ: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവ്. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇതിനിടെ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം, അഞ്ച് ദിവസമാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പോലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. അധിക്ഷേപ പരാമർശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്. കണ്ണൂർ സൈബർ പോലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അതേസമയം ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അർജുൻ ആയങ്കി ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.
ഇന്നലെ അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു പോലീസ് മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പോലീസിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് ആയങ്കി മൊഴി നൽകിയതെന്നാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്. കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അർജുൻ ആയങ്കിക്കെതിരെ നടപടിയുണ്ടാകും. ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനാണ് നിലവിലെ ധാരണ. ഇതിനെല്ലാം പുറമെ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾക്കും പോലീസ് തുടക്കം കുറിച്ചിട്ടുണ്ട്.






