കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള രണ്ടു സംഘടനകളുടെ നേതൃത്വത്തിൽ കർക്കടകവാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ച്. പയ്യാമ്പലത്ത് വിശ്വാസികൾക്കു കൈത്താങ്ങും പടിയൂരിൽ പന്നിയിറച്ചി ചാലഞ്ചുമാണു പരിപാടികൾ. അതേസമയം കർക്കടകവാവ് ദിനത്തിലെ പന്നിയിറച്ചി ചാലഞ്ച് എന്തിനെന്നതിൽ അവ്യക്തത തുടരുകയാണ്
പന്നിയിറച്ചി ചാലഞ്ച് നടത്തുന്നത് സിപിഎം നിയന്ത്രണത്തിലുള്ള പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ്. ഒരു കിലോ പന്നിയിറച്ചി 370 രൂപയ്ക്കു നൽകുമെന്നും ചലഞ്ചിൽ പറയുന്നു. ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഇതു പ്രഖ്യാപിച്ചതെങ്കിലും പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതു കർക്കടകവാവു ദിനത്തിലാണെന്നു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നടത്തിയിരുന്ന പൂക്കളമത്സരത്തിനു പകരമായാണ് പന്നിയിറച്ചി ചാലഞ്ച്. അതേസമയം കർക്കടകവാവും പന്നിയിറച്ചിയും തമ്മിൽ ബന്ധമില്ലാതിരുന്നിട്ടും വിശ്വാസികൾ പിതൃസ്മരണ പുതുക്കുന്ന ദിനത്തിൽ ഇത്തരമൊരു പരിപാടിക്കു സംഘാടകർ ഇറങ്ങിയതിന്റെ അനൗചിത്യമാണു ചർച്ചയാകുന്നത്.




