ന്യൂഡൽഹി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർ മുഴുവൻ ഭീരുക്കളെന്ന് അധിക്ഷേപിച്ച നിർമല സീതാരാമൻ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, മറുപടി കേൾക്കാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. അതേസമയം യുപിഐ പേയ്മെൻ്റുകൾക്ക് ചാർജ് ഈടാക്കാനുള്ള നടപടിക്ക് എതിരെ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസ്താവനയിലാണ് മറുപടി.
മുൻപ് ഡിജിറ്റൽ പേയ്മെൻ്റ് പ്രഖ്യാപനം നടത്തുമ്പോൾ പ്രധാനമന്ത്രി തന്നെ പറഞ്ഞതാണ് സൗജന്യം ആയിരിക്കും എന്ന്. എന്നാൽ ഇപ്പോൾ ചാർജ് ചെയ്യാൻ ശ്രമിക്കുന്നു. ഇന്ത്യൻ രൂപ ഐസിയുവിൽ ആണെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് നിർമല സീതാരാമന്റെ വിമർശനം. യുപിഐ ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് ചാർജ് ഈടാക്കില്ല. ചെറുകിട വ്യവസായികളെയും ബാധിക്കില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
‘ബാങ്കേഴ്‌സ് ബുക്‌സ് എവിഡൻസ് ബിൽ’ സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ മറുപടി പ്രസംഗം ആരംഭിച്ചപ്പോൾ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികൾക്കിടയിൽ സംസാരിക്കാൻ ജോൺ ബ്രിട്ടാസ് എം.പിക്ക് ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് അവസരം നൽകുകയും ചെയ്തു.
ഇതിനിടെ വിദേശ മൂലധനത്തെ പ്രീണിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ഈ ബിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ യുഎസ് ട്രേഡ് പ്രതിനിധികൾ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു എന്നും ബ്രിട്ടാസ് സഭയിൽ ആരോപിച്ചു. ബ്രസീൽ ഇത്തരം വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെങ്കിലും ഇന്ത്യ കീഴടങ്ങി കൊടുക്കുകയാണുണ്ടായത്. 2023-ലെ ജി20 (G20) ഉച്ചകോടിയിൽ, ഇന്ത്യയുടെ യുപിഐ ഒരു സൗജന്യ പൊതു സേവനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ ബിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെയും വാഗ്ദാനത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.




