മൂവാറ്റുപുഴ: ഹാഫ് കുക്‌ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴക്കുളം സ്‌റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്‌റ്റിൻ (52) ആണ് മരിച്ചത്.
ജോലിക്കിടെ റെജിമോളുടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ റെജിമോളെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെജിയുടെ ഭർത്താവ് ജസ്റ്റിൻ മരിച്ചതിനെ തുടർന്ന് കുട്ടികളെ നല്ല രീതിയിൽ വളർത്താൻ തുടങ്ങിയ സ്‌ഥാപനമായിരുന്നു സ്‌റ്റാർ ചപ്പാത്തി കട. ഭർത്താവിന്റെ മരണവും ദുരിതങ്ങളും മറികടന്ന് ജീവിതം തിരികെ പിടിക്കാൻ അമ്മയും മക്കളും ചേർന്ന് ശ്രമിക്കുന്നതിനിടെയാണു അവിചാരിതമായി ദുരന്തം വീണ്ടുമെത്തിയത്. റെജിമോളുടെ സംസ്കാരം നാളെ രാവിലെ 10.30ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജാസ്‌മിൻ, ജ്യോതി ദർശന, ജസ്റ്റോ.




