തിരുവനന്തപുരം; മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണക്കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി. അന്ന് അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
അനീഷ് രാജിന്റെ മൊഴി ഇങ്ങനെ- അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വച്ചു. തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അതുപോലെ കവടിയാറിലെ ക്വാർട്ടേഴ്സിൽ വച്ചിരുന്ന രക്തം പുരണ്ട ടി ഷർട്ടും ജീൻസും പിന്നീട് പോലീസിന് എടുത്തു നൽകിയത് ശ്രീറാമിന്റെ ഐഎഎസ് അക്കാദമിയിലെ സഹപാഠിയായിരുന്നെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ് കോടതിയിൽ മൊഴി നൽകി.
അതേസമയം അന്ന് പോലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ കാണിച്ചത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓർമയില്ല എന്നാണ് ഇരു സാക്ഷികളും മറുപടി നൽകിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയിട്ടുള്ളത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് കോടതിയിൽ ഹാജരായി. വിചാരണ നടപടികൾ തുടരും.





