പത്തനംതിട്ട: ഒളിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കണ്ടെത്താനായി മല്ലപ്പള്ളി കാട്ടമല മേഖലയിൽ പോലീസ് നടത്തിയ രാത്രി പരിശോധന വിവാദത്തിൽ. ജനവാസ മേഖലയിലെ വീടുകളിൽ അർദ്ധരാത്രി പോലീസ് യാതൊരു മുന്നറിയിപ്പുമില്ലാതെ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്ത്.
ഇന്നലെ രാത്രി രാത്രി 11.30ന് ശേഷം അറുപതോളം വീടുകളുള്ള കാട്ടമല പ്രദേശത്ത് വൻ പോലീസ് സന്നാഹം എത്തി. ആദ്യം ഒരു പോലീസ് വാഹനം മാത്രമാണ് വന്നതെങ്കിലും, പിന്നീട് എട്ട് വാഹനങ്ങളിലായി അറുപതോളം പോലീസുകാർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അർജുൻ ആയങ്കി ഇവിടെ ഒളിവിൽ കഴിയുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു തിരച്ചിൽ. എന്നാൽ, രാത്രി ഒമ്പത് മണിയോടെ തന്നെ അർജുൻ ആയങ്കി എവിടെയുണ്ടെന്ന് പോലീസ് ലൊക്കേറ്റ് ചെയ്തിരുന്നതായും, ഇതിനുശേഷമാണ് ബോധപൂർവ്വം പ്രദേശത്ത് റെയ്ഡ് നടത്തിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
മാത്രമല്ല യാതൊരു അനുവാദവും ഇല്ലാതെയാണ് പോലീസ് വീടുകളിലേക്ക് ഇരച്ചുകയറിയത്. വാതിലുകളും ജനലുകളും പോലുമില്ലാത്ത, ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവരുടെ വീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി. തങ്കമണി എന്ന പ്രദേശവാസിയുടെ വീടിന്റെ വാതിൽ പോലീസ് ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്. ഇതിനിടെ പോലീസിന്റെ അതിക്രമം നാട്ടുകാർ മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെയാണ് പരിശോധന അവസാനിപ്പിക്കാൻ പോലീസ് തയ്യാറായിയെന്നും ആരോപണമുയർന്നു.
പോലീസ് നടപടിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥുന്റെ വീടാണ് പോലീസ് ആദ്യം റെയ്ഡ് ചെയ്തത്. ഇതിനുപിന്നാലെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രാഹുലിന്റെ വീട്ടിലും സംഘം പരിശോധന നടത്തി. അർജുൻ ആയങ്കിയുടെ പേരിൽ പ്രദേശത്ത് പോലീസ് നടത്തിയത് നരനായാട്ടാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
പിറമാടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വൈദികർ തമ്മില്‍ കൂട്ടയടി, നിരവധിപേര്‍ക്ക് പരിക്ക്






