ഹരിയാന: അവസാനമായി തന്റെ മക്കളെ ഒരു നോക്കു കാണണമെന്ന ആഗ്രഹം ബാക്കിയാക്കി ആ പിതാവ് വിട പറഞ്ഞു. തിരക്കിന്റെ പേരിൽ പിതാവിന്റെ അന്ത്യകർമങ്ങൾ വീഡിയോ കോളിലൂടെ കണ്ട് പെൺമക്കൾ. സോണിപ്പട്ടിലെ വയോജന മന്ദിരത്തിൽ കഴിയുകയായിരുന്ന മുൻ ടെക്സ്റ്റൈൽ വ്യാപാരിയായ ശിവചരൺ റാം രത്തൻ ഗുപ്തയാണ് അവസാന ആഗ്രഹം പോലും സാധിക്കാതെ അന്തരിച്ചത്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ മക്കൾ എത്തിയില്ല. പകരം നേപ്പാൾ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽനിന്ന് വീഡിയോ കോളിലൂടെയാണ് മക്കൾ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നത്.
കഴിഞ്ഞ ഒന്നര വർഷമായി സോണിപ്പട്ടിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വയോജന മന്ദിരത്തിലാണ് ശിവചരൺ റാം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മീന നേരത്തെ മരിച്ചിരുന്നു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 3:30 ഓടെയാണ് ശിവചരൺ മരിച്ചത്. ഇതോടെ വയോജന മന്ദിര അധികൃതർ മൂന്ന് പെൺമക്കളെയും വിവരമറിയിച്ചു.
എന്നാൽ സംസ്കാര ചടങ്ങുകൾക്കായി സോണിപ്പട്ടിൽ എത്താൻ മക്കൾക്ക് കഴിഞ്ഞില്ല. തുടർന്ന് വീഡിയോ കോളിലൂടെ അവർ അന്ത്യകർമങ്ങളിൽ പങ്കുചേരുകയായിരുന്നു. വയോജന മന്ദിര അധികൃതരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
അതേസമയം ആരോഗ്യസ്ഥിതി മോശമായ വിവരം 20 ദിവസം മുൻപ് തന്നെ മക്കളെ അറിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു അവരെ കാണണമെന്നുണ്ടായിരുന്നെങ്കിലും അവർ കാണാൻ എത്തിയിരുന്നില്ലെന്ന് വയോജന മന്ദിരം അധികൃതർ പറഞ്ഞു. മൂന്ന് പെൺമക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചതെന്നും അധികൃതർ പറയുന്നു. 2 മക്കൾ അധ്യാപകരാണ്. ഗുപ്തയുടെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.


















































